ജിദ്ദ - മയക്കുമരുന്ന് ശേഖരവുമായി മൂന്നു പാക്കിസ്ഥാനികളെ ജിദ്ദയിൽ നിന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കൽ അതിമാരക ഇനത്തിൽ പെട്ട 1.3 കിലോ മയക്കുമരുന്ന് കണ്ടെത്തി. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി നിയമ നടപടികൾക്ക് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ അറിയിച്ചു.
മറ്റൊരു സംഭവത്തിൽ അതിർത്തി വഴി മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ടു നുഴഞ്ഞുകയറ്റക്കാരെ കിഴക്കൻ പ്രവിശ്യയിൽ വെച്ച് അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കൽ 67 കിലോ ഹഷീഷ് കണ്ടെത്തി. തുടർ നടപടികൾക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അതിർത്തി സുരക്ഷാ സേന അറിയിച്ചു.
വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ടു സൗദി യുവാക്കളെ മക്ക പ്രവിശ്യയിൽ നിന്ന് പട്രോൾ പോലീസും അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കൽ 120 കിലോ ഹഷീഷും 421 ലഹരി ഗുളികകളും അതിമാരക ഇനത്തിൽ പെട്ട മറ്റൊരു മയക്കുമരുന്നും കണ്ടെത്തി. തുടർ നടപടികൾക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
അതിനിടെ, രണ്ടാഴ്ചക്കിടെ അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 257 പേരെ സൈന്യം അറസ്റ്റ് ചെയ്തതായി അതിർത്തി സുരക്ഷാ സേനാ വക്താവ് കേണൽ മിസ്ഫർ അൽഖരൈനി അറിയിച്ചു. 14 സൗദി പൗരന്മാരും 243 നുഴഞ്ഞുകയറ്റക്കാരുമാണ് അറസ്റ്റിലായത്. നുഴഞ്ഞുകയറ്റക്കാരിൽ 220 പേർ യെമനികളും 23 പേർ എത്യോപ്യക്കാരുമാണ്. ഇവർ കടത്താൻ ശ്രമിച്ച 483.3 കിലോ ഹഷീഷും 35.1 ടൺ ഖാത്തും സൈന്യം പിടികൂടി. തുടർ നടപടികൾക്ക് പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അതിർത്തി സുരക്ഷാ സേനാ വക്താവ് പറഞ്ഞു.