തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകയുക്ത വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയ്ക്ക് മുമ്പിലുള്ളത് സത്യസന്ധമായ കേസാണ്. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ഫുൾ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രി കാണിച്ചത് സ്വജന പക്ഷപാതമാണ്. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രി കുറ്റക്കാരനാണെന്നത് നഗ്നമായ സത്യമാണ്. അതിൽ നിന്ന് രക്ഷപ്പെടാനാണ് ഭേദഗതി കൊണ്ടുവന്നത്. ലോകായുക്ത വിധി വൈകിച്ചതും തെറ്റാണ്. ലോകായുക്തയ്ക്ക് മുമ്പിലെത്തുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കേണ്ടതാണെന്നും വിധി വൈകിപ്പിച്ചതിൽ ദുരുദ്ദേശ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വിചിത്ര വിധി, ലോകായുക്തയുടെ വിശ്വാസ്യത തകർക്കും; മുഖ്യമന്ത്രിയെ രക്ഷിക്കാനെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം സംബന്ധിച്ച കേസിലെ ലോകായുക്തയുടെ ഭിന്നവിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള വിധിയാണിതെന്നും തികച്ചും നിയമവിരുദ്ധമായ ഈ വിധി ലോകായുക്തയുടെ വിശ്വാസ്യതയെ തകർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഴുവൻ വാദവും പൂർത്തിയായി ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ മൂന്നംഗ ബെഞ്ചിലേക്ക് വിട്ട് വിധി പ്രഖ്യാപിച്ചത്. എന്തിനായിരുന്നു ഈ ഒരു വർഷത്തെ കാലതാമസമെന്ന് വ്യക്തമാക്കിയിട്ടിട്ടില്ല. ഈ കേസിൽ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വീണ്ടും ലോകായുക്തയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഇപ്പോഴും വിധി വരുമായിരുന്നില്ല. ഒരു കാലത്തും പുറത്തുവരാത്ത വിധിയായി ഇത് മാറുമായിരുന്നു. വിധി വന്നപ്പോൾ അദ്ഭുതപ്പെടുത്തിയത് ജഡ്ജിമാരുടെ ഭിന്നാഭിപ്രായമാണ്. ഈ കേസ് നിലനിൽക്കുമോ എന്ന സംശയത്തിലാണ് ഹർജി ഫുൾ ബെഞ്ചിന് വിടണമെന്ന് പറയുന്നത്. 2019ൽ അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസും രണ്ട് ഉപ ലോകായുക്തമാരും ഒരുമിച്ചിരുന്ന് ഇവിടെ പരിഗണിക്കാമെന്ന് തീരുമാനമെടുത്ത കേസാണിത്. 2019ൽ ഇത്തരത്തിൽ തീരുമാനമെടുത്ത കേസ് നാലു വർഷങ്ങൾക്കിപ്പുറം 2023ൽ ഫുൾബെഞ്ചിലേക്കു പോകണമെന്ന വിധി വിസ്മയിപ്പിക്കുകയാണ്.
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നേടത്തോളം അന്തിമ വിധിയുണ്ടാകാതിരിക്കാനാണ് നീക്കം. അതല്ലെങ്കിൽ ഗവർണർ ഇതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കുന്നതു വരെ വിധി പറയാതെ നീട്ടിക്കൊണ്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കെ.ടി.ജലീലിന്റെ ഭീഷണിയുടെ പൊരുൾ ഇപ്പോഴാണ് മനസ്സിലായതെന്നും വി.ഡി സതീശൻ പറഞ്ഞു.