തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗം ചെയ്തുവെന്ന പരാതിയിൽ ഭിന്ന വിധിയുമായി ലോകായുക്ത. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും എതിരെയുള്ള കേസിൽ ലോകായുക്തയിലെ രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നതിനാൽ വിധി മൂന്നംഗ ഫുൾ ബെഞ്ചിന് വിടുകയായിരുന്നു.
ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ അൽ റഷീദും അടങ്ങിയ ബെഞ്ചാണ് ഭിന്നവിധി രേഖപ്പെടുത്തിയത്. ഇതിൽ ഒരാൾ പരാതിയെ അനുകൂലിച്ചപ്പോൾ മറ്റൊരാൾ എതിർത്ത് വിധിയെഴുതി. ഇതോടെയാണ് അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിട്ടത്.
എന്നാൽ ഇരു ജഡ്ജിമാരും ഉയർത്തിയ വാദമുഖങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. കേസിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി പറയാത്തതിനെതിരെ പരാതിക്കാരൻ കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വീണ്ടും ലോകായുക്ത വിധി പറയാനായി ഇന്നേക്ക് പരിഗണിച്ചത്.
ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ അൽ റഷീദും അടങ്ങിയ ബെഞ്ചാണ് ഹർജിയിൽ നേരത്തെ വാദം കേട്ടിരുന്നത്. 2018 സെപ്തംബറിൽ ഫയൽ ചെയ്ത ഹർജിയിൽ 2022 മാർച്ച് 18-നാണ് വാദം പൂർത്തിയായത്.
മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ കെ .ക രാമചന്ദ്രന്റെയും അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തിൽപ്പെട്ടപ്പോൾ മരിച്ച പോലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽനിന്നും പണം വകമാറ്റി ചെലവഴിച്ചുവെന്നാണ് കേസ്.