കോഴിക്കോട് - വൈക്കം സത്യാഗ്ര ശതാബ്ദി വേദിയിൽ തന്നെ മനഃപൂർവ്വം അവഗണിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ അറിയിച്ചാൽ മതിയെന്നും ഒരാൾ ഒഴിവായാൽ അത്രയും നല്ലതെന്നാണ് അവരുടയൊക്കെ മനോഭാവമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വേദിയിൽ മറ്റു നേതാക്കൾക്കൊപ്പം മൂന്ന് മുൻ കെ.പി.സി.സി പ്രസിഡന്റുമാരാണുണ്ടായിരുന്നത്. അതിൽ രമേശ് ചെന്നിത്തലയ്ക്കും എം.എം ഹസനും സംസാരിക്കാൻ അവസരം നല്കിയെങ്കിലും തനിക്ക് അവഗണനയായിരുന്നു ഫലം. പരിപാടി സംബന്ധിച്ച് പാർട്ടി മുഖപത്രമായ വീക്ഷണം പ്രസിദ്ധീകരിച്ച സപ്ലിമെന്റിലും തന്റെ പേരുണ്ടായിരുന്നില്ല. അവഗണനയുടെ കാരണം എന്താണെന്ന് അറിയില്ല. സ്വരം നന്നാകുമ്പോൾ തന്നെ പാട്ട് നിർത്താൻ താൻ തയ്യാറാണ്. 'താൽപര്യം ഇല്ലെങ്കിൽ പറയണം, പരസ്യമായി അപമാനിക്കരുത്. പാർട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെങ്കിൽ അറിയിച്ചാൽ മതി. താൻ മാറി നിൽക്കാമെന്ന് കെ.സി വേണുഗോപാലിനെയും കെ സുധാകരനെയും അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.