Sorry, you need to enable JavaScript to visit this website.

ചാര്‍ട്ടേഡ് വിമാനം പരിഹാരമോ... ആശ നശിച്ച് പ്രവാസികള്‍

തിരുവനന്തപുരം- വിമാനയാത്രക്കൂലിയിലെ വന്‍ വര്‍ധനക്ക് തടയിടാന്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പ്രായോഗികമല്ലെന്ന് വിമര്‍ശനം. ചാര്‍ട്ടേഡ് സര്‍വീസ് നടത്താന്‍ ആവശ്യമായ യാതൊരു ക്രമീകരണങ്ങളും നടത്താതെ, പ്രധാനമന്ത്രിക്ക് കത്തയച്ചത് കണ്ണില്‍ പൊടിയിടാനാണെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ സമീപനമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

വിമാന യാത്ര നിരക്ക് വര്‍ധന ഇപ്പോള്‍ ഒരു സീസണല്‍ പ്രതിഭാസം മാത്രമല്ല. കോവിഡിന് ശേഷം വിമാനയാത്രകള്‍ പഴയതുപോലെ ആയതിന് ശേഷം വലിയ തോതിലുള്ള വര്‍ധനവാണ് കമ്പനികള്‍ വരുത്തിയിരിക്കുന്നത്. യാത്രക്കാര്‍ കൂടുതലുള്ള സമയത്തും സെക്ടറിലും വന്‍തോതിലാണ് വര്‍ധന.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ പ്രായോഗികമായാലും അത് താല്‍ക്കാലിക പരിഹാരം മാത്രമാണ്. എത്ര വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യും എന്നതും പ്രശ്‌നമാണ്. ഇതിനായി സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചത് 15 കോടി മാത്രമാണ്. യു.എ.ഇയില്‍നിന്ന് കേരളത്തിലേക്ക് ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ മാത്രം 35 ലക്ഷത്തിലധികം രൂപ വേണ്ടിവരും.

വിമാനക്കമ്പനികളെ സംബന്ധിച്ച് ഇപ്പോള്‍ സീസണല്ല. ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധിയുള്ള ജൂലൈ, ഓഗസ്റ്റ് ആണ് അവര്‍ സീസണായി കണക്കാക്കുന്നത്. നാട്ടില്‍ വേനലവധി വരുന്നതിനാല്‍ അവിടെനിന്ന് ഇങ്ങോട്ടാണ് ഇപ്പോള്‍ ഒഴുക്ക്. ഈ സാഹചര്യത്തില്‍തന്നെ ഇത്രയും വര്‍ധന വരുമ്പോള്‍ സീസണില്‍ എന്തായിരിക്കും എന്നാണ് പ്രവാസികള്‍ ആശങ്കപ്പെടുന്നത്.

കേരള എയര്‍ പ്രഖ്യാപിച്ച കാലത്തുതന്നെ തുടങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യാന്തര സര്‍വീസിനുള്ള യോഗ്യത നേടാമായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രവാസി സംഘടനകള്‍ മുറവിളി കൂട്ടുമ്പോള്‍ മാത്രം എന്തെങ്കിലും പൊടിക്കൈ പ്രയോഗിക്കുന്നതിന് പകരം പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമീപനമാണ് ആവശ്യമെന്നും അവര്‍ പറയുന്നു.

 

Latest News