വൈക്കം- ക്ഷേത്ര പ്രവേശനത്തിന് മാത്രമല്ല മറ്റ് സാമൂഹ്യ മാറ്റങ്ങള്‍ക്കും വൈക്കം സത്യഗ്രഹം ഇടയാക്കിയിട്ടുണ്ടെന്ന് എ. ഐ. സി. സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കെ. പി. സി. സി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹം ശതാബ്ദി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി വിവേചനത്തിനെതിരെ രാജ്യത്ത് അരങ്ങേറിയ ശക്തമായ സമരമായിരുന്നു വൈക്കം സത്യഗ്രഹം. ജാതി വിവേചനത്തിനെതിരെയുള്ള സമരത്തില്‍ ആര്‍. എസ്. എസിന് യാതൊരു പങ്കുമില്ലെന്നും ഖാര്‍ഗെ പറഞ്ഞു. രാജ്യത്തെ ജനാധിപത്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. രാഹുല്‍ ഗാന്ധിയെ എം. പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ദിനം കറുത്ത ദിനമാണെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിശദീകരിച്ചു.
വൈക്കത്ത് ബീച്ചിനോട് ചേര്‍ന്നുള്ള പൊതുമൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, എ. ഐ. സി. സി ഭാരവാഹികളായ കെ. സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു. കെ. പി. സി. സിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളാണ് നടക്കുന്നത്.