കൊച്ചി- എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷന് സമീപം എസ്. ആര്‍. എം റോഡിലെ ആഡംബര ഹോട്ടലില്‍ നിന്ന് മാരകലഹരിയിനത്തില്‍പ്പെട്ട എം. ഡി. എം. എയുമായി നാല് പേര്‍ പിടിയിലായി.
വൈപ്പിന്‍ മുരിക്കും പാടം അഴിക്കല്‍ തൈവേലിക്കകത്ത് വിനീഷ് നായര്‍ (26), എറണാകുളം ഏലൂര്‍ നോര്‍ത്ത് ഉദ്യോഗമണ്ഡല്‍ പെരുമ്പടപ്പില്‍ വീട്ടില്‍ വിഷ്ണു ഷിബു (24), ഉദ്യോഗമണ്ഡല്‍ എഫ്. എ. സി. ടി ടൗണ്‍ഷിപ്പ്, ഇ.ഡി ഫ്‌ളാറ്റില്‍ ആദിത്യ കൃഷ്ണ (23), ഏലൂര്‍ മഞ്ഞുമ്മല്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ നവിന്‍ പി. ആര്‍ എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 294 ഗ്രാം എം. ഡി. എം. എ കണ്ടെടുത്തു.
വിനീഷ് നായരുടെ നേതൃത്വത്തില്‍ മറ്റു പ്രതികള്‍ വില്പനക്കാരും സഹായികളുമായി ആഢംബര ഹോട്ടലുകളില്‍ താമസിച്ചാണ് നഗരത്തില്‍ ലഹരി വില്‍പ്പന നടത്തുന്നത്.
ഫ്‌ളൈറ്റില്‍ യാത്ര ചെയ്ത് ബംഗളൂരുവിലെത്തി എം. ഡി. എം. എ വാങ്ങിയ ശേഷം കൂടെയുള്ള വിഷ്ണു കാര്‍ മാര്‍ഗം ബംഗളൂരുവിലെത്തി വിനീഷില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി എറണാകുളത്തേക്ക് തിരിച്ചു വരികയാണ് പതിവ്. വിമാനത്തില്‍ തന്നെയാണ് വിനീഷ് കൊച്ചിയിലേക്ക് മടക്ക യാത്രയും നടത്താറുള്ളത്. ആര്‍ക്കും സംശയം കൊടുക്കാതെയാണ് ഇയാള്‍ ഇടപാട് നടത്തിയിരുന്നത്.
കൊച്ചി സിറ്റി ഡാന്‍സാഫ് രണ്ടാഴ്ചയായി രഹസ്യ നിരീക്ഷണം നടത്തിയും സൈബറിന്റെ സഹായത്തോടെയുമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് സെന്‍ട്രല്‍, ഞാറക്കല്‍, ഏലൂര്‍ എന്നീ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകള്‍ ഉണ്ട്. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ കെ. സേതുരാമയ്യറിന് ലഭിച്ച രഹസ്യ വിവരത്തില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ടി. ബിജു ഭാസക്കറിന്റെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊച്ചി സിറ്റി ഡാന്‍സാഫ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് കടത്തുന്ന അന്തര്‍ സംസ്ഥാന ലഹരി കടത്തു സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി ശക്തമായ നടപടികളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഡാന്‍സാഫ് ടീമും തൃക്കാക്കര പോലീസും ചേര്‍ന്ന് പിടികൂടിയ 140 ഗ്രാം എം. ഡി. എം. എയിലെ അവസാന കണ്ണിയായ നൈജീരിയക്കാരനെ ബംഗളൂരുവില്‍ നിന്നും പിടികൂടിയിരുന്നു.
യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9995966666 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ഫോര്‍മാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേയ്ക്ക് വീഡിയോ ആയോ ഓഡിയോ ആയോ വിവരങ്ങള്‍ അയക്കാവുന്നതാണ്. കൂടാതെ 9497980430 എന്ന ഡാന്‍സാഫ് നമ്പറിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.
വിവരങ്ങള്‍ അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു.