കണ്ണൂർ- കെ.എം ഷാജിക്കെതിരെയുള്ള പ്ലസ് ടു കോഴക്കേസിൽ നിർണായക നീക്കവുമായി വിജിലൻസ്. അന്നത്തെ അഴീക്കോട് ഹയർ സെക്കണ്ടറി സ്‌കൂൾ മാനേജറെയും കേസിൽ പ്രതി ചേർത്തു. യു.ഡി.എഫ് ഭരണകാലത്ത് അഴീക്കോട് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് സ്ഥലം എം.എൽ.എയായ കെ.എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹിയും സി.പി.എം നേതാവുമായ കുടുവൻ പത്മനാഭൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. സംഭവത്തിൽ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ റെയ്ഡും രേഖകൾ പിടിച്ചെടുക്കലും മൊഴിയെടുക്കലും നേരത്തെ നടന്നിരുന്നു. ഇതിനിടയിൽ ഇതേ പരാതിയിൽ ഇ.ഡി കേസെടുക്കുകയും ഷാജിയേയും ഭാര്യയേയും പല തവണ ചോദ്യം ചെയ്യുകയും ഷാജിയുടെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച നിയമ പോരാട്ടം നടന്നു വരികയാണ്.
കോഴക്കേസിൽ ഇ.ഡി അന്വേഷണം പുരോഗമിച്ചതോടെ സംസ്ഥാന വിജിലൻസ് നടത്തുന്ന അന്വേഷണം മാസങ്ങളായി മരവിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും അന്വേഷണത്തിന് ജീവൻ വെച്ചത്. കേസിൽ അന്നത്തെ സ്‌കൂൾ മാനേജരായ പി.വി പത്മനാഭനെയാണ് പുതുതായി പ്രതി ചേർത്തത്. ഇതു സംബന്ധിച്ച് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. തെളിവെടുപ്പിനിടയിൽ മൊഴികൾക്കിടയിൽ കണ്ടെത്തിയ ചില വൈരുധ്യങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് സൂചന.
കോഴ ആരോപണം ഉയർന്ന സമയത്ത് ഡൊണേഷൻ നൽകി സ്‌കൂളിൽ ചേർന്ന അധ്യാപകരുടെ മൊഴിയിലും വൈരുധ്യങ്ങളുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. മുസ് ലിം ലീഗ് പ്രാദേശിക ഘടകത്തിലുണ്ടായ അസ്വാരസ്യങ്ങളും നേതാക്കൾക്കിടയിലെ പ്രശ്‌നങ്ങളുമാണ് ഈ കേസിന് പിന്നിലെ യഥാർഥ കാരണം. പ്രശ്‌നം പ്രാദേശിക ലീഗ് കമ്മിറ്റിയിൽ അവതരിപ്പിച്ച് പരിഹാരം കാണാനാകാത്തതിനെ തുടർന്നാണ് പൊതുസമൂഹത്തിൽ പ്രശ്‌നം ഉയർന്നത്. സംഭവത്തിൽ സ്വത്ത് കണ്ടുകെട്ടുന്നതിലൂടെ ഇ.ഡി അന്വേഷണം ഏതാണ്ട് അവസാനിച്ച സാഹചര്യത്തിലാണ് സംസ്ഥാന വിജിലൻസ് അന്വേഷണം പുനരാരംഭിച്ചതെന്നാണ് വിവരം. അതേസമയം, എത്ര കേസുകൾ വന്നാലും നേരിടാൻ തയാറാണെന്നാണ് കഴിഞ്ഞ ദിവസവും കെ.എം.ഷാജി പ്രതികരിച്ചത്.