ബുറൈദ- രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൽഖസീം ഒ.ഐ.സി.സി വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ബുറൈദയിലെ ഒ.ഐ.സി.സി ഓഫീസിൽ ഒത്തു കൂടിയ ബുറൈദ സെൻട്രൽ കമ്മിറ്റി പ്രവർത്തകർ രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരായി കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിക്കുകയായിരുന്നു.
രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടി ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കറുത്ത ദിനമായി ചരിത്രം രേഖപ്പെടുത്തും എന്ന് പ്രവർത്തകർ പറഞ്ഞു. മോഡി-അദാനി ബന്ധത്തെ ചോദ്യം ചെയ്ത രാഹുൽ ഗാന്ധിയെ മോഡി സർക്കാർ വേട്ടയാടുകയാണെന്ന് ഒ.ഐ.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സക്കീർ പത്തറ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, വൈസ് പ്രസിഡന്റ് അസീസ് കണ്ണൂർ, ജോ. സെക്രട്ടറി പി.പി.എം അഷ്‌റഫ്, ഒ.ഐ.സി.സി നേതാക്കളായ റഹീം കണ്ണൂർ, ബാബു വളക്കരപ്പാടം, സക്കീർ കുറ്റിപ്പുറം, സനോജ്, അനസ് യു.എസ് എന്നിവർ നേതൃത്വം നൽകി.