റിയാദ്- ആരാധകർ അടക്കമുള്ളവരുടെ ശ്രദ്ധ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ. ക്രിസ്റ്റാന്യോ റൊണാൾഡോയ്ക്കു ചുറ്റും റയൽ മാഡ്രിഡ് ആരാധകർ തടിച്ചുകൂടിയതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയിലാണ് റൊണാൾഡോയുടെ അപൂർവ കാറിന്റെ ദൃശ്യങ്ങളുള്ളത്.
ആരാധകർക്കിടയിൽ നിന്ന് ബുഗാട്ടി സെന്റോഡിച്ചി കാറിൽ കയറി റൊണാൾഡോ ഓടിച്ചു പോവുകയായിരുന്നു. ബുഗാട്ടി സെന്റോഡിച്ചി മോഡൽ കാർ പത്തെണ്ണം മാത്രമാണ് കമ്പനി നിർമിച്ചിരിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ബുഗാട്ടി 2022 ൽ ആണ് പത്തു ബുഗാട്ടി സെന്റോഡിച്ചി കാറുകൾ നിർമിച്ചത്. ബുഗാട്ടി ട്രേഡ്മാർക്ക് സ്ഥാപിച്ചതിന്റെ 110-ാം വാർഷികത്തോടനുബന്ധിച്ചും 1991-1995 കാലയളവിൽ നിർമിച്ച ബുഗാട്ടി ഇ.ബി-110 മോഡലിനുള്ള ആദരവെന്നോണവുമാണ് ബുഗാട്ടി സെന്റോഡിച്ചി മോഡൽ കമ്പനി നിർമിച്ചത്. 80 ലക്ഷം യൂറോ ആണ് ബുഗാട്ടി സെന്റോഡിച്ചിയുടെ വില. കഴിഞ്ഞ വർഷം നിർമാണം ആരംഭിക്കുന്നതിനു മുമ്പു തന്നെ ഏതാനും ബുഗാട്ടി സെന്റോഡിച്ചി കാറുകൾ കമ്പനി വിൽക്കുകയായിരുന്നു. ഭാരക്കുറവും വേഗതയും ബുഗാട്ടി സെന്റോഡിച്ചിയുടെ സവിശേഷതകളാണ്. ഇതിന്റെ എൻജിന് 1,600 കുതിരശക്തിയുണ്ട്. 2.4 സെക്കന്റിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലും 6.1 സെക്കന്റിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലും എത്താൻ ബുഗാട്ടി സെന്റോഡിച്ചിക്ക് സാധിക്കും.