റിയാദ് - മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകുന്നതിന് വിദേശ ഗായികമാരുടെ നിര തന്നെ സൗദിയിലെത്തുമെന്ന് റിപ്പോർട്ട്. ജനറൽ എന്റർടൈൻമെന്റ്, ജനറൽ കൾച്ചർ അതോറിറ്റികളുടെ പിന്തുണയോടെയാണ് വിദേശ ഗായികമാർ പങ്കെടുക്കുന്ന സംഗീത പരിപാടികൾ അരങ്ങേറുന്നത്.
ജൂൺ 19 ന് റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ സംഘടിപ്പിക്കുന്ന സംഗീത നിശയിൽ ഈജിപ്ഷ്യൻ ഗായിക ശീരീൻ അബ്ദുൽവഹാബ് പങ്കെടുക്കും.
തൊട്ടടുത്ത ദിവസം റിയാദ് കിംഗ് ഫഹദ് കൾച്ചറൽ സെന്റർ തിയേറ്ററിൽ വനിതകൾക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയ സംഗീത പരിപാടിയിൽ ബഹ്‌റൈൻ പൗരത്വം നേടിയ സിറിയൻ ഗായിക അസാല നസ്‌രി ഗാനങ്ങൾ ആലപിക്കും. പ്രശസ്ത ഈജിപ്ഷ്യൻ ഗായിക കാർമൻ സുലൈമാനും അസാലക്കൊപ്പം റിയാദ് പരിപാടിയിൽ പങ്കെടുക്കും.
ജൂൺ 23 ന് റിയാദ് കിംഗ് ഫഹദ് കൾച്ചറൽ സെന്റർ തിയേറ്ററിൽ അരങ്ങേറുന്ന സംഗീത നിശയിൽ ഗൾഫിലെ ഏറ്റവും പ്രശസ്തയായ ഗായിക നവാൽ അൽകുവൈതിയ പങ്കെടുക്കും.
ഈ പരിപാടിയിലേക്കും സ്ത്രീകൾക്കു മാത്രമാണ് പ്രവേശനം. ജൂൺ 19 ന് ജിദ്ദയിലാണ് നവാലിന്റെ ആദ്യ പരിപാടി. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിലെ ഇൻഡോർ ഹാളിൽ സൗദി ഗായിക ദാലിയ മുബാറക്കിനൊപ്പമാണ് നവാൽ സംഗീതനിശയിൽ പങ്കെടുക്കുക.
യു.എ.ഇ ഗായിക ശമ്മ ഹംദാൻ റിയാദിലും ജിദ്ദയിലും രണ്ടു സംഗീത നിശകളിൽ പങ്കെടുക്കും. റിയാദ് ഇന്റർനാഷണൽ കോൺഫറൻസ് ആന്റ് എക്‌സിബിഷൻ സെന്റർ തിയേറ്ററിലാണ് ഇതിൽ ഒന്ന്. രണ്ടാമത്തെ പരിപാടി ജിദ്ദ ഹിൽട്ടൻ ഹോട്ടലിൽ രണ്ടാം പെരുന്നാളിനാണ്.
ജിദ്ദയിൽ സ്ത്രീകൾക്കു വേണ്ടി മാത്രമുള്ള സംഗീത നിശയിൽ ലെബനോനി ഗായിക യാറയും ശമ്മ ഹംദാനൊപ്പം പങ്കെടുക്കും.
ജൂൺ പതിനാറിന് റിയാദ് കിംഗ് ഫഹദ് കൾച്ചറൽ സെന്റർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ എലീസയും (എലീസാർ സക്കരിയ ഖൗരി) ഈജിപ്ഷ്യൻ ഗായിക അൻഗാം മുഹമ്മദ് അലി സുലൈമാനും സംബന്ധിക്കും.