ജിദ്ദ - ലൈത്തിന് വടക്ക് പ്രവർത്തിക്കുന്ന സ്‌കൂളിനു കീഴിലെ ബസ് കത്തിനശിച്ചു. ലൈത്ത് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാർഥികൾക്ക് ഗതാഗത സേവനം നൽകുന്നതിന്റെ കരാറേറ്റെടുത്ത തത്‌വീർ എജ്യുക്കേഷനൽ സർവീസസ് കമ്പനി ബസാണ് കത്തിനശിച്ചതെന്ന് ലൈത്ത് വിദ്യാഭ്യാസ വകുപ്പ് വക്താവ് മുഹമ്മദ് അൽആഖിൽ പറഞ്ഞു. ഇന്ധനം നിറക്കാൻ പോകുന്നതിനിടെ ഉച്ചക്ക് 12.30 ന് ആണ് ബസിൽ തീ പടർന്നുപിടിച്ചത്.
ഈ സമയത്ത് ബസിൽ വിദ്യാർഥികളുണ്ടായിരുന്നില്ല. അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ല. വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് വീടുകളിൽ തിരിച്ചെത്തിക്കാൻ ഉടൻ തന്നെ തത്‌വീർ എജ്യുക്കേഷനൽ സർവീസസ് കമ്പനി ബദൽ ബസ് ഏർപ്പെടുത്തിയതായും ലൈത്ത് വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു.