Sorry, you need to enable JavaScript to visit this website.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇരിക്കരുത്,  വിവാദ സര്‍ക്കുലറില്‍ പങ്കില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ 

കൊല്ലം- കൊല്ലം എസ് എന്‍ കോളജിലെ വിവാദ സദാചാര സര്‍ക്കുലരില്‍ തനിക്ക് പങ്കില്ലെന്ന് പ്രിന്‍സിപ്പല്‍ നിഷ തറയില്‍. വിനോദയാത്രയ്ക്ക് പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരില്‍ പ്രചരിച്ച ഈ നിയമാവലി സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.
തന്റെ അറിവോ സമ്മതമോയില്ലാതെയാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറങ്ങിയത്. താന്‍ ഒരു സര്‍ക്കുലര്‍ ഇറക്കുമ്പോള്‍ അത് തന്റെ ലെറ്റര്‍ പാഡിലായിരിക്കും. അതില്‍ തന്റെ ഒപ്പും സീലും ഉണ്ടാകും. ഇങ്ങനെയൊന്നും കാണാത്ത ഒരു സര്‍ക്കലുറാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവിടെ നിന്ന് കുട്ടികള്‍ വിനോദയാത്രയ്ക്കു പോയിട്ടുണ്ട് എന്നതു ശരിയാണ്. വിനോദയാത്രയ്ക്ക് പോയ തിരിച്ച് വന്ന ലാസ്റ്റ് ബാച്ചും തിരിച്ചെത്തി. അവരും ഇതുവരെ യാതൊരുവിധ പരാതിയും പറഞ്ഞിട്ടില്ല. കുട്ടികളോ അവരുടെ മാതാപിതാക്കളോ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍  വ്യക്തമാക്കി.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇരിക്കരുത്, ഫോട്ടോ എടുക്കരുത്, വിനോദ യാത്രാ വാഹനത്തില്‍ പെണ്‍കുട്ടികള്‍ക്കായി മുന്‍വശത്ത് സീറ്റ് സംവരണം, ഒരു കാരണവശാലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുത്, വസ്ത്രധാരണത്തില്‍ ശ്രദ്ധ പുലര്‍ത്തണം, പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുത്, നിശ്ചിത സമയം കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ മുറികള്‍ പുറത്തുനിന്നും പൂട്ടും തുടങ്ങി 11 നിര്‍ദേശങ്ങളാണ് വിവാദ സര്‍ക്കുലറില്‍ ഉള്ളത്. ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. അതിനിടെ, വിവാദ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. 'സദാചാരം പടിക്ക് പുറത്ത്' എന്നെഴുതിയ ബാനറും എസ്എഫ്‌ഐയുടെ പേരില്‍ കോളജ് കവാടത്തില്‍ സ്ഥാപിച്ചു. ആരാണ് ഇങ്ങനെയൊരു കത്ത് പുറത്തിറക്കിയതെന്ന് അന്വേഷിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

Latest News