Sorry, you need to enable JavaScript to visit this website.

ലോകായുക്ത വിധി നാളെ, മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ഒരു പോലെ നിര്‍ണ്ണായകം

തിരുവനന്തപുരം - ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ വെള്ളിയാഴ്ച ലോകായുക്തയുടെ വിധി വരുമ്പോള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ഒരു പോലെ നിര്‍ണ്ണായകം. വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമുണ്ടാകം. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് നാളെ ലോകായുക്ത വിധി പറയുന്നത്. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  ഇത് സംബന്ധിച്ച് ലോകായുക്തയില്‍ ഹര്‍ജി നല്‍കാന്‍ പരാതിക്കാരനായ ആര്‍.എസ്.ശശികുമാറിനോട് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ലോകായുക്തയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ വെള്ളിയാഴ്ച വിധി പറയാന്‍ തീരുമാനിച്ചത്. 
അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ കെ കെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലിസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയെന്നാണ് കേസ്. എന്നാല്‍ പണം അനുവദിക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. ലോകായുക്ത വിധി എതിരായതിനെ തുടര്‍ന്ന് കെ.ടി.ജലീലിന് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. വിധി എതിരായാല്‍ സമാന സാഹചര്യമാണ് മുഖ്യമന്ത്രിക്കും ഉണ്ടാകുക.
കേസിന്റെ വാദത്തിനിടെ ലോകായുക്ത സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് മൂലം വിധി എതിരാകുമോയെന്ന ആശങ്ക സംസ്ഥാന സര്‍ക്കാറിനുണ്ട്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ നേരത്തെ നിയമസഭ പാസാക്കിയിരുന്നു. എന്നാല്‍ ഗവര്‍ണ്ണര്‍ ഒപ്പിടാതെ പിടിച്ചു വെച്ചതിനാല്‍ ഇത് ഇതുവരെ നിയമമായിട്ടില്ല. ദുരിതാശ്വാസ നിധി തട്ടിപ്പുകേസില്‍ വിധി എതിരാകുമെന്നതു കൊണ്ടാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷം ആരോപിച്ചിരുന്നത്.

 

Latest News