Sorry, you need to enable JavaScript to visit this website.

നിപ്പയെ കീഴടക്കിയ പിണറായി വിജയനും ആരോഗ്യ മന്ത്രിക്കും അഭിനന്ദനം: കുഞ്ഞാലിക്കുട്ടി

മലപ്പുറം- കേരളത്തില്‍ ഭീതിയും ആശങ്കയും പടര്‍ത്തി 18 പേരുടെ ജീവന്‍ കവര്‍ന്ന മാരക നിപ്പാ വൈറസ് ബാധയെ പിടിച്ചു കെട്ടുന്നതില്‍ വിജയിച്ച ഇടതു സര്‍ക്കാരിനെ അഭിനന്ദിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. കൂട്ടായ ശ്രമത്തിലൂടെ മാരക വൈറസ് ബാധയെ കീഴടക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യ മന്ത്രി കെ കെ ഷൈലജയേയും പേരെടുത്ത് അഭിന്ദിച്ച കുഞ്ഞാലിക്കുട്ടി ആരോഗ്യ വകുപ്പ്, സര്‍ക്കാര്‍ ആശുപത്രികള്‍, ഡോക്ടര്‍മാര്‍ തുടങ്ങി ഈ ശ്രമത്തില്‍ പങ്കാളികളായ എല്ലാവരേയും പ്രശംസിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: 

അന്ധമായ രാഷ്ട്രീയ വിരോധം ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് സര്‍ക്കാരിന്റെ കാലം മുതല്‍ പടിക്ക് പുറത്ത് നിറുത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മികച്ചതാക്കിയതും, ലോക രാജ്യങ്ങള്‍ക്ക് തുല്യമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായതും. പലവട്ടം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്ന് കേരളം ഒന്നിച്ച് നിന്നിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി ജാതിമതരാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്തിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ചതിലൂടെ നാം കൈവരിച്ചത്.

സിസ്റ്റര്‍ എന്ന വിളിയുടെ ആഴങ്ങള്‍ മനസിലാക്കി തന്ന് നമ്മുടെ ഏവരുടേയും ഉള്ളില്‍ നീറ്റലായി തീര്‍ന്ന പ്രിയ സഹോദരി ലിനി, ഒപ്പം പേരറിയാത്ത ഒട്ടേറെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെയെല്ലാം സേവനം, ആത്മാര്‍ഥത ഇതെല്ലാം കേരളം എന്നും ഓര്‍ത്തിരിക്കും. ഒപ്പം ഇവരില്ലായിരുന്നെങ്കില്‍ ഈ വിപത്തിന്റെ ആഴം ഇനിയും ഏറുമെന്നതും യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നു.

നിപ്പ ഉയര്‍ത്തുന്ന ഭീഷണി മുന്നില്‍ കണ്ട് സമുദായ അംഗങ്ങളെ ജാഗരൂകരാക്കുന്നതിനുള്ള ആഹ്വാനവുമായി മുന്നിട്ടിറങ്ങിയ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മറ്റ് മത സംഘടനാ നേതാക്കള്‍ എന്നിവരുടെ ഇടപെടലുകളും ഈ വിപത്തിന് തടയിടുന്നതില്‍ നിര്‍ണായകമായി.

ഇതുവരെ പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചര്‍ക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും, മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേയും, സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നിപ്പ വിഷയത്തില്‍ രാഷ്ട്രീയം കാണാതെ സര്‍ക്കാരിനൊപ്പം നിന്ന പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല, ഇടത്‌വലത് മുന്നണി ഘടകകക്ഷി നേതാക്കള്‍, പ്രവര്‍ത്തകര്‍, സാമൂഹികസന്നദ്ധസാംസ്‌കാരിക നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം ഏവര്‍ക്കും ഈ പേമാരിയെ കീഴടക്കാനായതില്‍ അഭിമാനിക്കാം.

പക്ഷേ കേരളം ഇനിയും കരുതിയിരിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഭീതി പരത്തുന്ന രോഗങ്ങള്‍ക്കെതിരെ. കെടുതിയായി നമ്മളെ വേട്ടയാടുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരെ. ഇനി ഇതിനെതിരെയാകട്ടെ നമ്മുടെ പോരാട്ടം.
 

Latest News