അൽകോബാർ- കെ.എം.സി.സി കോബാർ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി മരണാനന്തര ആനുകൂല്യം കൈമാറി. സൗദി കെ.എം.സി.സിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി 2022-23 വർഷങ്ങളിൽ അംഗമായിരിക്കെ അൽകോബാറിൽ ഇക്കഴിഞ്ഞ ജനുവരി എട്ടിന് മരണപ്പെട്ട പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം അമ്പലത്തറ സ്വദേശി ഉമർ ഖാലിദിന്റെ ആശ്രിതർക്കാണ് മരണാനന്തര ആനുകൂല്യം കൈമാറിയത്.
കെ.എം.സി.സി കേരള ട്രസ്റ്റിൽ നിന്നുള്ള സമൂഹ്യ സുരക്ഷ മരണാനന്തര ആനുകൂല്യമായ ആറു ലക്ഷം രൂപയുടെ ചെക്ക് അൽകോബാർ കെ.എം.സി.സി അഡൈ്വസറി ബോർഡ് അംഗം മുനീർ നന്തി മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾക്ക് കൈമാറി. ആമ്പലത്തറ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് സി.ടി ഹംസ അധ്യക്ഷത വഹിച്ച ചടങ്ങ് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ് ടി.എം ഹംസ തൃക്കടീരി ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് പാലക്കാട് ജില്ലാ കൗൺസിൽ അംഗം സി.പി മുഹമ്മദ് കാസിം മുഖ്യപ്രഭാഷണം നടത്തി. ഒറ്റപ്പാലം മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി അബ്ബാസ്, ബഷീർ പുളിക്കൽ, പി.ബി സലാം പാലത്തറ, ശാഖ മുസ് ലിം ലീഗ് നേതാക്കളായ എ.പി അബ്ദുൽ ജബ്ബാർ, മുഹമ്മദ് മുരുക്കുംപറ്റ, ജബ്ബാർ നാലകത്ത്, പഞ്ചായത്ത് മുസ് ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് ടി.വി അക്ബർ, അൽകോബാർ കെ.എം.സി.സി മുൻ പ്രസിഡന്റ് ഇഫ്തിയാസ് അഴിയൂർ, അഖ്‌റബിയ കെ.എം.സി.സി ട്രഷറർ റാഷിദ് തിരൂർ എന്നിവർ പ്രസംഗിച്ചു. അമ്പലപ്പാറ പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി ഷൗക്കത്ത് സ്വാഗതവും ട്രഷറർ ടി.പി കബീർ നന്ദിയും പറഞ്ഞു.