Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്ത്യൻ സ്‌കൂൾ അധ്യാപകൻ നൗഫൽ പാലക്കോത്ത് സ്‌കൂളിനോട് വിട പറയുന്നു

ജിദ്ദയിലെ കലാ, സാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ നൗഫൽ പാലക്കോത്തിനെ ആദരിച്ചപ്പോൾ.

ജിദ്ദ- ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ 22 വർഷത്തിലേറെക്കാലത്തെ സേവനം അവസാനിപ്പിച്ച് നൗഫൽ പാലക്കോത്ത് ഇന്ത്യൻ സ്‌കൂളിനോട് വിട പറയുന്നു. താമസിയാതെ അദ്ദേഹം ജിദ്ദ ഡി.പി.എസ് സ്‌കൂൾ പ്രിൻസിപ്പലായി ചുമതലയേൽക്കും. 9-12 ബ്ലോക്ക് ബയോളജി അധ്യാപകനായും ഹെഡ്മാസ്റ്ററായും പ്രവർത്തിച്ച നൗഫൽ സ്‌കൂളിന്റെ പഠന നിലവാരം ഉയർത്തുന്നതിലും കുട്ടികളുടെ പഠനേതര കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലും നിർണായക പങ്കു വഹിച്ച ശേഷമാണ് ഇന്ത്യൻ സ്‌കൂളിൽനിന്ന് സ്ഥാനം ഒഴിയുന്നത്. 
ഇന്ത്യൻ സ്‌കൂളിൽ സേവനമനുഷ്ഠിച്ച 22 വർഷത്തിൽ പത്തു വർഷവും 9-12 ബ്ലോക്കിന്റെ ഹെഡ്മാസ്റ്ററായിരുന്നു. ഇക്കാലയളവിൽ ഒട്ടേറെ പരിഷ്‌കരണ നടപടികൾക്ക് ഇദ്ദേഹം ചുക്കാൻ പിടിച്ചിരുന്നു. അലിഗഡ് മുസ് ലിം യൂനിവേഴ്‌സിറ്റിയിൽ നിന്ന് സുവോളജിയിൽ ബിരുദാനന്തര ബിരുദവും കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബി.എഡും പാസായ ശേഷം ജവഹർ നവോദയ വിദ്യാലയത്തിൽ 1995 ൽ അധ്യാപകനായി ചേർന്നു കൊണ്ടായിരുന്നു ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചത്. 
പിന്നീട് 1997 മതുൽ 98 വരെ ഫാറൂഖ് കോളേജിൽ അധ്യാപകനായി. അതിനു ശേഷം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലും ഏതാനും കാലം ജോലി നോക്കിയ ശേഷമാണ് 2001 സെപ്റ്റംബറിൽ ജിദ്ദ ഇന്ത്യൻ സ്‌കൂളിലെത്തിയത്. 
ഐ.ഐ.എസ്.ജെ ഹെഡ്മാസ്റ്ററായിരുന്ന പത്തു വർഷത്തിൽ ഏഴു വർഷവും പന്ത്രണ്ടാം ക്ലാസിന് നൂറു ശതമാനം വിജയം സമ്മാനിക്കുന്നതിന് നൗഫലിനു കഴിഞ്ഞിരുന്നു. മറ്റു വർഷങ്ങളിലും 99 മുകളിലായിരുന്നു വിജയ ശതമാനം. 
പതിവു ക്ലാസുകൾക്കു പുറമെ പരീക്ഷാ കാലയളവിൽ മറ്റ് അധ്യാപകരുടെ സഹകരണത്തോടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് നൽകിയായിരുന്നു വിജയ ശതമാനം ഉയർത്തിയത്. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ ക്ലബുകൾ രൂപീകരിച്ച് മാർഗനിർദേശം നൽകുന്നതിലും ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. ഹദീസ് ക്ലബ്, ഫിലിം ക്ലബ്, ഗ്രീൻ ആർമി, മ്യൂസിക് ക്ലബ് തുടങ്ങിയവ ഇതിലുൾപ്പെടും. അഡ്മിനിസ്‌ട്രേഷൻ ഓഫീസർ ഇൻചാർജ്, കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഇൻചാർജ്, എക്‌സാമിനേഷൻ ഇൻചാർജ് തുടങ്ങിയ നിലകളിൽ സേവനവും വിവിധ ശിൽപശാലകളുടെ മേൽനോട്ടവും വഹിച്ചിട്ടുണ്ട്. 
കൂടാതെ അധ്യാപക പരിശീലനത്തിന്റെ കോഡിനേറ്റർ, സ്‌കൂളിൽ ആദ്യമായി സംഘടിപ്പിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് പരിപാടിയുടെ കോഡിനേറ്റർ തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു. ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. അധ്യാപക രംഗത്തേയും സാമൂഹിക രംഗങ്ങളിലേയും സേവനങ്ങൾ മാനിച്ച് വിവിധ സംഘടനകൾ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 

Latest News