മതന്യൂനപക്ഷങ്ങളെ കേന്ദ്രസര്‍ക്കാര്‍ അപരവത്കരിക്കുന്നു- വാഹിദ നിസാം

കോഴിക്കോട് - തീവ്രദേശീയത അടിച്ചേല്‍പ്പിച്ചും അപരവത്ക്കരണം നടത്തിക്കൊണ്ടും ഒരു വിഭാഗത്തെ ശത്രുക്കളായി ചിത്രീകരിക്കുകയാണ് സംഘപരിവാറും കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാറും ചെയ്യുന്നതെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവും തൊഴിലാളി നേതാവുമായ വാഹിദാ നിസാം പറഞ്ഞു.
ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75 ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി സിപിഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
മതന്യൂനപക്ഷങ്ങളുടെ അപരവത്ക്കരണമാണ് ഫാസിസ്റ്റുകളുടെ രീതി. ഹിറ്റ്‌ലര്‍ ജര്‍മനിയിലും മുസോളനി ഇറ്റലിയിലും നടപ്പിലാക്കിയതിന് സമാനമായ രീതിയില്‍ വിചാരധാരകളുടെ തുടര്‍ച്ച തന്നെയാണ് ഇവിടെയും സാധ്യമാക്കുന്നത്. തീവ്രദേശീയതയും വംശീയതയും മതവുമാണ് ഫാസിസത്തിന്റെ അടിസ്ഥാനം. ഫാസിസ്റ്റുകള്‍ മനുഷ്യര്‍ക്കിടയില്‍ വിഭജനം സാധ്യമാക്കുകയും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുകയും ചെയ്യുന്നു. ലോകമെമ്പാടും കുത്തക മുതലാളിത്തത്തെ കമ്യൂണിസ്റ്റുകാര്‍ ചോദ്യം ചെയ്യുമ്പോള്‍ ദേശീയത പറയുന്ന ബിജെപി സര്‍ക്കാരാണ് രാജ്യ സമ്പത്ത് സ്വകാര്യ കുത്തകകളുടെ കൈകളില്‍ ഏല്‍പ്പിക്കുന്നത്. ഈ വിരുദ്ധ ഭാവങ്ങള്‍ ഫാസിസ്റ്റ് സര്‍ക്കാരിന്റെ മുഖമുദ്രയാണെന്നും അവര്‍ പറഞ്ഞു.
നിരവധി മതങ്ങളും ജാതികളും ഭാഷകളും സംസ്‌ക്കാരവുമെല്ലാം ചേര്‍ന്ന വൈവിധ്യങ്ങളുടെ സൗന്ദര്യമാണ് ഇന്ത്യ. ആ രാജ്യത്തെയോര്‍ത്ത് നമ്മള്‍ അഭിമാനിക്കുകയും രാജ്യത്തെ സ്‌നേഹിക്കുകയും ചെയ്യുന്നു. എന്നാല്‍ രാജ്യത്തിന്റെ വൈവിധ്യമല്ല ഹിന്ദുത്വമാണ് ബിജെപിയുടെ ദേശീയതയും അഭിമാനവും. അവര്‍ സംസ്‌ക്കാര സമ്പന്നമായ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള തന്ത്രപ്പാടിലാണ്. രാജ്യത്ത് അക്രമിക്കപ്പെടുന്ന ദലിതരുടെയും സ്ത്രീകളുടെയും എണ്ണം വര്‍ധിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലിംകളും ശത്രുക്കളായി ചിത്രീകരിക്കപ്പെടുന്നു. രാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരാണ് കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ളവര്‍. എന്നാല്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഒരു പങ്കുമില്ലാത്ത, ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ എഴുതിക്കൊടുത്ത സവര്‍ക്കറുടെ പിന്മുറക്കാരാണ് കമ്യൂണിസ്റ്റുകാരെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരുന്നതെന്നും അവര്‍ വ്യക്തമാക്കി.
ചരിത്രം മാത്രമല്ല ശാസ്ത്രത്തെ വരെ കെട്ടുകഥകളുമായി ചേര്‍ത്ത് നിര്‍ത്തുന്നു. വിമാനത്തെപറ്റി പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് പുഷ്പക വിമാനത്തെ ഉദാഹരിക്കുന്നു. കൃത്രിമ ബീജ സങ്കലനത്തെ കുന്തിയുടെ കഥ ചേര്‍ത്ത് അവതരിപ്പിക്കുന്നു. പ്ലാസ്റ്റിക് സര്‍ജറി കണ്ടു പിടിച്ചത് ഭാരതീയരാണെന്ന് വിനായക കഥ കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കുന്നു. കോവിഡിനെ നേരിടാന്‍ പാത്രം മുട്ടാന്‍ പറഞ്ഞയാളാണ് പ്രധാനമന്ത്രി. രാജ്യത്തെ രക്ഷിക്കാന്‍, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് കാലം നമ്മളോട് ആവശ്യപ്പെടുന്നതെന്നും വാഹിദാ നിസാം വ്യക്തമാക്കി.
ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ടി വി ബാലന്‍, എം നാരായണന്‍, അജയ് ആവള സംസാരിച്ചു. അഡ്വ. പി ഗവാസ് സ്വാഗതം പറഞ്ഞു.

 

Latest News