തിരുവനന്തപുരം- അരിക്കൊമ്പന്‍ വിധിയില്‍ അതൃപ്തിയുമായി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ തുടരുന്ന അരിക്കൊമ്പനെന്ന കാട്ടാന നിമിത്തം ജനങ്ങള്‍ ഭീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇതിനകം ആനയെ പിടിക്കുമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നുണ്ട്. കേസു കൊടുത്ത ആളുകള്‍ ഇവിടെ വന്ന് താമസിക്കട്ടെ എന്നാണ് ജനങ്ങള്‍ പറയുന്നത്. ജഡ്ജിയായാലും മതിയെന്ന് അവര്‍ പറയുന്നു. അതേസമയം, താനങ്ങനെ പറയുന്നത് ശരിയല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
'കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ആനയെ പിടിച്ച് അവിടത്തെ ഗുരുതര പ്രശ്‌നത്തിന് പരിഹാരം കാണാമായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം കാരണം ജനങ്ങള്‍ ഭീതിയിലാണ്. ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നുണ്ട്. വരുന്ന ആനയുടെ കൊമ്പിന് എത്ര നീളമുണ്ടെന്ന് നോക്കിയിട്ട് അല്ലല്ലോ... വരുന്ന ആനയെ അല്ലേ തടയേണ്ടത്? കേസ് കൊടുത്ത ആള്‍ ഒരാഴ്ച ഇവിടെവന്ന് താമസിക്കട്ടെ എന്നാണ് ജനങ്ങള്‍ പറയുന്നത്. ജഡ്ജിയായാലും മതി. ഞാനങ്ങനെ പറയുന്നത് ശരിയല്ലല്ലോ. അങ്ങനെ ജനങ്ങളുടെയൊരു ഡിമാന്‍ഡുണ്ട്. അത് നമുക്ക് കോടതിയില്‍ വയ്ക്കാന്‍ സാധിക്കില്ലല്ലോ'-മന്ത്രി ചൂണ്ടിക്കാട്ടി.