കൊച്ചി - അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാന്‍ ഹൈക്കോടതി ഇന്നും അനുമതി നല്‍കിയില്ല. ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടികള്‍ എടുക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ശാന്തന്‍പാറ - ചിന്നക്കനാല്‍ പഞ്ചായത്തുകളെയും ഡീന്‍ കുര്യാക്കോസ്, ജോസ് കെ മാണി എന്നിവരെയും കോടതി കേസില്‍ കക്ഷി ചേര്‍ത്തു. അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നതിനെതിരെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ഈ വിഷയം കോടതി വീണ്ടും പരിഗണനക്കെടുത്തത്. ആനയെ പിടികൂടുകയെന്നതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ എന്താണ് ആലോചിക്കാത്തതെന്ന് വനംവകുപ്പിനോട് കോടതി ചോദിച്ചു. അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം അവിടുത്തെ കോളനികളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. ആനത്താരയില്‍ എങ്ങനെയാണ് ജനവാസമുള്ള സെറ്റില്‍മെന്റ് കോളനി സ്ഥാപിച്ചത് എന്ന ചോദ്യവും കോടതി ഉയര്‍ത്തി. ആനയെ പിടികൂടാതെ മറ്റെന്തെങ്കിലും പരിഹാരമാര്‍ഗങ്ങളുണ്ടോയന്ന കാര്യം അറിയിക്കാന്‍ കോടതി വനം വകുപ്പിനോട് ആവശ്യപ്പെട്ടു.