പാലക്കാട് - ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാന്‍സ് കമ്പനിക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മാവതിയാണ് മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ഫിനാന്‍സ് കമ്പനി ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും പത്മാവതിയുടെ കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പത്മാവതിയുടെ ആധാര്‍ കാര്‍ഡും മറ്റ് രേഖകളും ഉപയോഗപ്പെടുത്തി പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റില്‍ മകന്‍ അരുണ്‍കുമാറാണ് 18000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. തിരിച്ചടവ് മുടങ്ങിയതോടെ ഫിനാന്‍സ് കമ്പനിയിലെ വനിത ജീവനക്കാരി വീട്ടിലെത്തി പത്മാവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ ശുചിമുറിയില്‍ പോയി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടിലുള്ളവര്‍ കണ്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പത്മാവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണമടഞ്ഞു.ഫിനാന്‍സ് കമ്പനിക്കാരുടെ പേരില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.