കോഴിക്കോട് - മയക്കുമരുന്നിന് അടിമയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കുന്ദമംഗലം ചൂലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി വിഷദ്രാവകം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് മൊഴി എടുത്തപ്പോഴാണ് താന്‍ ഒരു വര്‍ഷത്തോളമായി എം ഡി എം എ മയക്കു മരുന്ന് ഉപയോഗിക്കുന്നതായി പെണ്‍കുട്ടി പറഞ്ഞത്. ആദ്യം സീനിയര്‍ വിദ്യര്‍ത്ഥിനിയാണ് മയക്കു മരുന്ന് നല്‍കിയത്. പിന്നീട് പുറത്തു നിന്നുള്ളവര്‍ സ്‌കൂള്‍ കവാടത്തിലെത്തി മയക്കു മരുന്ന് നല്‍കുകയാണ് പതിവെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. മയക്കുമരുന്ന് നല്‍കുന്നവരുടെ പേര് അറിയില്ലെങ്കിലും ആളുകളെ കണ്ടാല്‍ തനിക്കറിയാമെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. സ്‌കൂളിലെ മറ്റ് പല കുട്ടികളും ലഹരി ഉപയോഗിക്കുന്ന കാര്യവും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. അമിതമായി മയക്കു മരുന്ന് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഡിപ്രഷന്‍ മൂലമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കുന്ദമംഗലം പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.