ഇടുക്കി - മൂന്നാറിലെ ചിന്നക്കനാല്‍ പ്രദേശത്ത് ജനങ്ങള്‍ക്ക് ഭീഷണിയായി വിലസി നടക്കുന്ന കാട്ടാന 'അരിക്കൊമ്പനെ ' മയക്കുവെടി വെച്ച് പിടികൂടുന്ന കാര്യത്തില്‍ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും വനംവകുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും മയക്കുവെടി വെക്കാനുള്ള നീക്കം ഹൈക്കോടതി അവസാന നിമിഷം തടയുകയായിരുന്നു. ഇന്ന് വരെയാണ് ഇത് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. കോടതി നിലപാട് ചിന്നക്കനാലിലെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മയക്കുവെടി വെയ്ക്കാനുള്ള അനുവാദം ഇന്ന് കോടതി നല്‍കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. അരിക്കൊമ്പനെക്കൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി അനുമതി ലഭിച്ചാല്‍ നാളെ തന്നെ മയക്കുവെടി വെയ്ക്കാന്‍ ശ്രമം നടത്തും. വനം വകുപ്പിലെ മുത്തങ്ങ റേഞ്ചില്‍ നിന്ന് 26 പേരാണ് ഇതിനായി എത്തിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം ജില്ലയില്‍ നിന്നുള്ള 55 പേരും ഇതര വകുപ്പ് ഉദ്യോഗസ്ഥരും ഓപ്പറേഷനില്‍ പങ്കാളികളാകും. കുങ്കിയാനകളെയും കൊണ്ടുവന്നിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടയാല്‍ ഇന്ന് നാല് കുങ്കിയാനകളെ ഉപയോഗിച്ച് മോക്ഡ്രില്‍ നടത്തും. 2017ലും അരിക്കൊമ്പനെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. അന്ന് മയക്കുവെടിയേറ്റ ആന കിലോമീറ്ററോളം ഓടി. ഏറെ പണിപ്പെട്ടാണ് പിന്നീട് അതിനെ കണ്ടെത്തിയത്. ഏഴ് തവണ മയക്കുവെടി ഉതിര്‍ത്തെങ്കിലും ആന മയങ്ങിയില്ല. നേരം ഇരുട്ടിയതിനാല്‍ അന്ന് ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. അരിക്കൊമ്പന്‍ വനംവകുപ്പ് ഉദ്യഗസ്ഥരുടെ നിരീക്ഷണത്തിലാണ് ഇപ്പോഴുള്ളത്. കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചാല്‍ അരിക്കൊമ്പനെ പിടികൂടാന്‍ മറ്റ് പ്രയാസങ്ങളൊന്നുമില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.