കോഴിക്കോട്- ആലുവയിൽ പോലീസ് ഉസ്മാൻ എന്നയാളെ മർദ്ദിച്ച സംഭവത്തിൽ പോലീസിനെ ന്യായീകരിച്ച് രംഗത്തെത്തിയ മന്ത്രി കെ.ടി ജലീലിന് രൂക്ഷവിമർശനവുമായി മുസ്്‌ലിം യൂത്ത് ലീഗ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഒരു പാവം മനുഷ്യന്റെ കവിളെല്ല് അടിച്ചു പൊട്ടിച്ചിട്ട് നോമ്പുകാർക്കുണ്ടാവേണ്ട സഹന ശക്തിയെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന മന്ത്രിയുടെ തൊലിക്കട്ടിയെ അപാരം എന്നേ വിശേഷിപ്പിക്കാനാവൂവെന്ന് ഫിറോസ് പരിഹസിച്ചു.
ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ആലുവയിൽ ഉസ്മാനെന്നയാളെ പോലീസുകാർ മർദ്ധിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പരിക്കേറ്റയാളെ 'നോമ്പുകാരൻ' എന്ന് വിശേഷിപ്പിച്ചത് മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് മന്ത്രി കെ.ടി ജലീലിന്റെ കണ്ടുപിടുത്തം. അതിന് ന്യായമായി പറഞ്ഞത് തല്ലിയവരുടെ കൂട്ടത്തിൽ നോമ്പുകാരായ പോലീസുമുണ്ടായിരുന്നു എന്നതാണ്. ഒരു പാവം മനുഷ്യന്റെ കവിളെല്ല് അടിച്ചു പൊട്ടിച്ചിട്ട് നോമ്പുകാർക്കുണ്ടാവേണ്ട സഹന ശക്തിയെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന മന്ത്രിയുടെ തൊലിക്കട്ടിയെ അപാരം എന്നേ വിശേഷിപ്പിക്കാനാവൂ. ഒപ്പം ഒരു കാര്യം കൂടി സമർത്ഥമായി അദ്ധേഹം ഒളിച്ചു കടത്തുന്നുണ്ട്. കമ്യൂണിസ്റ്റ് കാപാലികരാൽ കൊല്ലപ്പെട്ട ശുക്കൂറിന്റെയും ഫസലിന്റെയും ശുഹൈബിന്റെയും മതം പറയുന്നത് മഹാപാപമാണത്രേ! ഭാഗ്യത്തിന് കൊന്നവരുടെ കൂട്ടത്തിൽ മുസ്‌ലിംകളും ഉണ്ടായിരുന്നു എന്ന ന്യായം പറഞ്ഞിട്ടില്ല!!
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കെതിരെയോ ആദിവാസിദളിത് വിഭാഗത്തിൽപ്പെട്ടവർക്കെതിരെയോ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളുണ്ടായാലോ അവർ കൊല ചെയ്യപ്പെട്ടാലോ അവരുടെ സ്വത്വത്തെ ഉയർത്തിപ്പിടിച്ച് തന്നെയാണ് പ്രതിഷേധമുയർത്തേണ്ടത് എന്ന കാര്യം ജലീലിന് അറിയാത്തത് കൊണ്ടാണോ, അതോ ദീർഘകാലം സ്വത്വരാഷ്ട്രീയ പ്ലാറ്റ്‌ഫോമിൽ നിലയുറപ്പിച്ചതിനു ശേഷം അധികാരത്തിന്റെ അപ്പക്കഷ്ണം നുകരാൻ വേണ്ടി മാത്രം മറ്റൊരു പാളയത്തിലേക്ക് ചേക്കേറിയത് കൊണ്ട് മനപ്പൂർവ്വം മറന്നതാണോ? ഒരു ഭാഗത്ത് ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുകയും, സംഘ് പരിവാറുകളാൽ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ഡൽഹി വരെ ചെന്ന് സങ്കടമറിയിക്കാൻ വരെ താൽപ്പര്യം കാണിക്കുകയും ചെയ്ത മുഖ്യന്റെ പാർട്ടി ഇവിടെ അതേ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരെ കൊന്നു തള്ളുകയും ചെയ്യുമ്പോൾ പിന്നെന്താണ് സർ പറയേണ്ടത്?
യു.ഡി.എഫിന്റെ ഭരണ കാലത്ത് വർഗ്ഗീയ കലാപങ്ങൾ നടന്നു എന്നാണ് പിന്നെയുള്ള വെളിപ്പെടുത്തൽ. ആ കണക്ക് അവിടെ നിൽക്കട്ടെ! ഇവിടെ വർഗ്ഗീയ കലാപങ്ങൾക്ക് പലപ്പോഴും തിരി കൊളുത്തിയത് ആരാണ്? ടി.പി ചന്ദ്രശേഖരനെ കൊല്ലാൻ പോയ ഇന്നോവ കാറിന്റെ പുറത്ത് മാഷാ അള്ളാഹ് എന്ന സിറ്റക്കറൊട്ടിച്ചത് എന്തിനായിരുന്നു സർ? കൊല നടത്തിയതിനു ശേഷം മുസ്‌ലിം തീവ്രവാദികളാണ് കൊല നടത്തിയത് എന്ന് പ്രചരിപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നു സർ?
തലശ്ശേരിയിലെ ഫസലിനെ കൊന്ന് തള്ളിയതിനു ശേഷം രക്തത്തുള്ളികൾ ഒരു ടവ്വലിലാക്കി ആർ. എസ്.എസ്സുകാരന്റെ വീട്ടുപടിക്കൽ ഉപേക്ഷിച്ചത് ആരായിരുന്നു? നാദാപുരത്ത് രാഷ്ട്രീയ കാരണങ്ങളാലല്ലാതെ ഷിബിൻ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികാരമെന്നോണം കൊലപാതകികളുടെ മതം നോക്കി, ആ മതത്തിൽപെട്ട ഒരു പ്രദേശത്തെ മുഴുവനാളുകളെയും കൊള്ളയടിച്ചത് ഏത് മതേതരത്വ പ്രവർത്തനമായിരുന്നു സർ? സ്വന്തം പാർട്ടിയിൽ പെട്ട ഇത്തരക്കാരെ മതേതരത്വത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചിട്ട് പോരേ ആരുടെ ഭരണകാലത്താണ് വർഗ്ഗീയ കലാപങ്ങളുണ്ടായത് എന്ന കണക്ക് പരിശോധിക്കാൻ?
ഭരണത്തിന്റെ വീഴ്ചകൾ മറച്ചുപിടിക്കാൻ മുട്ടിനു മുട്ടിനു നിങ്ങൾ ഉപയോഗിക്കുന്ന സംഘടനകളുടെ പേരാണല്ലോ എസ്.ഡി.പി.ഐയും വെൽഫയർ പാർട്ടിയും. ഈ സംഘടനകളോട് നിങ്ങളുടെ പാർട്ടിക്കുള്ള എതിർപ്പിൽ വല്ല ആത്മാർത്ഥതയുമുണ്ടോ? മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ലീഗിനെ തോൽപ്പിക്കാൻ വേണ്ടി മാത്രം എത്ര പഞ്ചായത്തിലാണ്, താങ്കളിപ്പോൾ ഓരം പറ്റി നിൽക്കുന്ന പാർട്ടി അവരുമായി സഖ്യമുണ്ടാക്കിയത്! അതറിയാൻ തദ്ധേശ മന്ത്രിയുടെ അധികാരമൊന്നും ഉപയോഗപ്പെടുത്തേണ്ടതില്ലല്ലോ!! ആ അവിശുദ്ധ കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ ചങ്കൂറ്റം കാണിച്ചിട്ടു പോരേ ഇത്തരം ഗീർവാണ പ്രസ്താവനകൾ?
'
പിൻകുറിപ്പ്: ഒന്നരക്കിലോ ബീഫും വരട്ടി ന്യൂനപക്ഷ സംരക്ഷണവും അവകാശപ്പെട്ട് ഇനിയും വരണേ
ഇതു വഴിയേ....