Sorry, you need to enable JavaScript to visit this website.

ഓപറേഷൻ അരിക്കൊമ്പൻ; വിധി അനുകൂലമായാൽ വ്യാഴാഴ്ച പുലർച്ചെ ദൗത്യം

ഇടുക്കി- അരിക്കൊമ്പനെ പിടികൂടുന്ന വിഷയത്തിൽ ബുധനാഴ്ചയിലെ ഹൈക്കോടതി തീരുമാനത്തിന് കാതോർത്ത് ചിന്നക്കനാലും ശാന്തമ്പാറയും. വിധി അനുകൂലമായാൽ വ്യാഴാഴ്ച പുലർച്ചെ നാലിന് ദൗത്യം ആരംഭിക്കാനാണ് പദ്ധതി. 71 അംഗ സംഘത്തെ 8 ടീമുകളായി തിരിച്ചാണ് പ്രദേശത്ത് വിന്യസിക്കുന്നത്. സംഘാംഗങ്ങൾ ഓരോരുത്തരുടെയും പ്രവർത്തനങ്ങളെക്കുറിച്ച് ആർ.ആർ.ടി തലവൻ ഡോ. അരുൺ സഖറിയ വിശദീകരിച്ചു. ദൗത്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങൾ അംഗങ്ങൾക്ക് പരിചയപ്പെടുത്തി.
തിങ്കളാഴ്ച എ.സി.എഫ് ഷാൻട്രി ടോമിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ദേവികുളം സെൻട്രൽ നേഴ്‌സറിയിൽ ചേർന്ന യോഗത്തിൽ സംഘാംഗങ്ങൾ ഏതുരീതിയിൽ പ്രവർത്തിക്കണമെന്ന് ചർച്ച ചെയ്തു. മോക്ക് ഡ്രിൽ ഒഴിവാക്കി.
ഓരോ ടീമുകളുടെയും തലവന്മാർ, കുങ്കിയാനകൾ മറ്റു സംഘാംഗങ്ങൾ തുടങ്ങിയവർ നിൽക്കേണ്ട സ്ഥലങ്ങളും കൃത്യമായി നിർദേശിച്ചിട്ടുണ്ട്. സി.സി.എഫുമാരായ നരേന്ദ്രബാബു, ആർ.എസ.് അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും ദൗത്യം നടത്തുക. ഏഴ് ടീമുകൾക്കും പ്രത്യേകം ചുതമലകളും കൈമാറി. ഇത് പ്രകാരം ആനയെ നിരീക്ഷിക്കുന്നതടക്കം നടന്ന് വരികയാണ്.
അതേ സമയം അരിക്കൊമ്പൻ ഇന്നലെ രാവിലെ വനംവകുപ്പ് ദൗത്യത്തിന് നിശ്ചയിച്ച ചിന്നക്കനാൽ സിമന്റുപാലം മേഖലയിലെത്തി. അരിക്കൊമ്പനൊപ്പം പിടിയാനകളും കുട്ടിയാനകളും അടക്കം ഏഴ് ആനകളുമുണ്ട്. വിലക്കിൽ നിന്ന് സിങ്കുകണ്ടം പോകുന്ന റോഡിലടക്കം ഈ ആനക്കൂട്ടം ഏറെ നേരം നിലയുറപ്പിച്ചു. നേരത്തെ ശങ്കരപാണ്ഡ്യൻമേട്, പെരിയകനാൽ എന്നിവിടങ്ങളിൽ ദിവസങ്ങൾ തുടർന്ന കാട്ടാന സംഘം പിന്നീട് ആനയിറങ്കൽ ഡാം നീന്തി കടന്നാണ് ചിന്നക്കനാലിലെത്തുന്നത്. വിധി അനുകൂലമായാൽ അരിക്കൊമ്പനെ സംഘത്തിൽ നിന്ന് പിരിച്ച് ദൗത്യത്തിന് ഉദ്ദേശിച്ച സ്ഥലത്തെത്തിക്കാൻ ആണ് നീക്കം. വയനാട്ടിൽ നിന്നുള്ള നാല് കുങ്കിയാനകളെ കഴിഞ്ഞ ആഴ്ച കൊണ്ടുവന്നിട്ടുണ്ട്.  

Latest News