കാസർകോട്- കാസർകോട് സ്വദേശിയായ യുവവ്യവസായിയെ കർണാടക ഗ്വാളിമുഖത്തെ വിദേശ മദ്യഷാപ്പിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. ആദൂർ കൈത്തോട് സ്വദേശിയും നാട്ടക്കല്ലിൽ താമസക്കാരനുമായ അബ്ദുൾ റഹ്മാനെ (40) ആണ് ചൊവ്വാഴ്ച പുലർച്ചെ മൂന്നര മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം യുവാവിന്റെ കാർ ഗ്വാളിമുഖത്തെ അടുക്കാർ എന്ന സ്ഥലത്തെ ക്വാറിക്ക് സമീപം മറ്റൊരു വീട്ടുമുറ്റത്ത് കണ്ടെത്തിയത് സംശയം ജനിപ്പിച്ചു. യുവാവിന്റെ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ക്വാറിക്ക് സമീപത്തെ വീട്ടിൽ അസമയത്ത് യുവാവിനെ കണ്ടെത്തിയ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചതാണെന്ന് സംശയിക്കുന്നതായി അന്വേഷണം നടത്തുന്ന പുത്തൂർ സാംപ്യ പോലീസ് പറയുന്നു. യുവാവിനെ ഓടിച്ച സംഘത്തെ കസ്റ്റഡിയിൽ എടുത്താൽ സത്യാവസ്ഥ അറിയുമെന്നും പോലീസ് പറഞ്ഞു. ആദൂരിൽ നിന്ന് നാല് മണിക്കൂർ യാത്ര ചെയ്താലാണ് കർണാടക പുത്തൂരിലെ ഗ്വാളിമുഖത്ത് എത്തുക. 'നാലാളുകൾ തന്നെ ഓടിക്കുകയാണെന്നും പെട്ടെന്ന് വരണമെന്നും' ആവശ്യപ്പെട്ട് ആദൂർ നാട്ടക്കല്ലിലെ സുഹൃത്ത് ഹംസയെ ഫോൺ വിളിച്ചിരുന്നു. സുഹൃത്ത് തിരിച്ചു വിളിച്ചപ്പോൾ തനിക്ക് നെഞ്ചുവേദന ഉണ്ടെന്നും ഗ്വാളിമുഖത്തെ ബാറിന് സമീപം ഞാൻ ഉണ്ടെന്നും അബ്ദുൾ റഹ്മാൻ പറഞ്ഞിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. നാട്ടുകാരുമായി ഹംസ ഗ്വാളിമുഖം ബാറിന് അടുത്ത് എത്തിയപ്പോൾ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ബാറിലെ ബാത്ത് റൂമിൽനിന്ന് കുപ്പിയിൽ വെള്ളമെടുത്ത് യുവാവ് കുടിക്കുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതുമായ ദൃശ്യങ്ങൾ ബാറിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. യുവാവിന്റെ ശരീരത്തിൽ ധരിച്ചിരുന്ന ചെരിപ്പ് ഉണ്ടായിരുന്നില്ല. യുവാവിനെ ഓടിച്ചവർ ആരാണെന്ന് പുത്തൂർ റൂറൽ പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പുത്തൂർ ഗവ. ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി. കാസർകോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നീതിവേദി എന്ന സംഘടനയുടെ പ്രവർത്തകൻ ആണ് മരിച്ച അബ്ദുൽ റഹ്മാൻ. നേരത്തെ ഗൾഫിൽ ആയിരുന്നു. നാട്ടിൽ എത്തിയശേഷം ഗ്വാളിമുഖത്തും തലപ്പാടിയിലും ക്വാറികളിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളുടെ ഉപകരണങ്ങൾ എത്തിച്ചു നൽകുന്ന ബിസിനസ് നടത്തുകയായിരുന്നു. ഗ്വാളിമുഖത്ത് ഒരു പച്ചക്കറി കട തുടങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അബ്ദുൽ റഹ്മാനെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.