റിയാദ്- ഫാസിസം പിടിമുറുക്കുന്നത് ഇന്ത്യയെ അപായപ്പെടുത്താനാണെന്ന് റിയാദ് ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയ അജണ്ട നടപ്പാക്കുന്ന സംഘ്പരിവാർ ഭരണകൂടമാണ്. ഫാസിസ്റ്റ് ഭരണകൂടം അതിന്റെ പല്ലും നഖവും പുറത്തെടുക്കുന്നത് രാജ്യത്തെ കൂടുതൽ അപായപ്പെടുത്തുകയാണെന്നും കടുത്ത പ്രതിരോധം ആവശ്യമാണെന്നും ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കൾ പറഞ്ഞു.
ലോക രാജ്യങ്ങളിൽ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ യശസ്സ് തകർക്കുന്നതാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം. ഇത് ഫാസിസം കൂടുതൽ പിടിമുറുക്കുന്നതിന്റെ ലക്ഷണമാണ്.
രാജ്യത്തെ അപായപ്പെടുത്തുന്നത് ചെറുക്കാൻ പ്രതിപക്ഷ ഐക്യം ആവശ്യമാണെന്നും റിയാദ് ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി എക്‌സിക്യൂട്ടീവ് കൺവെൻഷൻ പ്രസ്താവിച്ചു.
'സേട്ടു സാഹിബിന് എന്റെ വക' കാമ്പയിൻ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ദേശീയ രാഷ്ട്രീയത്തിൽ ആറു പതിറ്റാണ്ട് നിറഞ്ഞുനിന്ന ഇബ്രാഹിം സുലൈമാൻ സേട്ടുവിന്റെ സ്മരണക്കായി കോഴിക്കോട്ട് സ്ഥാപിക്കുന്ന സുലൈമാൻ സേട്ട് സെന്ററിന്റെ നിർമാണത്തിനായുള്ള ഫണ്ട് ശേഖരണ കാമ്പയിൻ 'സേട്ടു സാഹിബിന് എന്റെ വക' ആദ്യ സംഭാവന അയച്ച് സൗദി ഐ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സൈദ് കള്ളിയത്ത് ഉദ്ഘാടനം ചെയ്തു.
കൂടാതെ വിപുലമായ ഇഫ്താർ സംഗമവും റമദാൻ റിലീഫും നടത്താനും യോഗത്തിൽ തീരുമാനിച്ചു. എക്‌സിക്യൂട്ടീവ് കൺവെൻഷനിൽ ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ ചേളാരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇസ്ഹാഖ് തയ്യിൽ, സിയാസ് കളനാട് മൊയ്ദീൻ വേങ്ങര, വഹാബ് പുറപ്പാട് സംസാരിച്ചു, ജനറൽ സെക്രട്ടറി ഗസ്‌നി വട്ടക്കിണർ സ്വാഗതവും അഫ്‌സൽ കട്ടപ്പള്ളി നന്ദിയും പറഞ്ഞു.