Sorry, you need to enable JavaScript to visit this website.

VIDEO - അസീര്‍ ചുരം അപകടം, പരിക്കേറ്റവര്‍ക്ക് ലഭിക്കുന്നത് മികച്ച ചികിത്സ

അബഹ- ശആർ ചുരംറോഡിലുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന തങ്ങൾക്ക് മികച്ച ചികിത്സകളും പരിചരണങ്ങളുമാണ് ലഭിക്കുന്നതെന്ന് പരിക്കേറ്റവർ പറഞ്ഞു. വളരെ വേഗത്തിലാണ് തങ്ങൾക്ക് ചികിത്സകൾ ലഭിച്ചതെന്ന് അബഹ പ്രൈവറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് പറഞ്ഞു. തന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. താൻ നാളെ മൊറോക്കൊയിലേക്ക് പോകും. അബഹ പ്രൈവറ്റ് ആശുപത്രിയിൽ തങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയ ആരോഗ്യ മന്ത്രാലയത്തോട് നന്ദി പറയുകയാണ്. ആശുപത്രിയധികൃതർക്കും റെഡ് ക്രസന്റിനും സിവിൽ ഡിഫൻസിനും നന്ദി പറയുകയാണ്. രക്ഷാപ്രവർത്തനം നടത്തുന്നതിലും ചികിത്സകളും പരിചരണങ്ങളും നൽകുന്നതിലും ആരും ഒരു വീഴ്ചകളും വരുത്തിയിട്ടില്ലെന്നും യുവാവ് പറഞ്ഞു. 
പരിക്കേറ്റവരിൽ പന്ത്രണ്ടു പേരെയാണ് അബഹ പ്രൈവറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇക്കൂട്ടത്തിൽ രണ്ടു പേർ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. അസീർ സെൻട്രൽ ആശുപത്രി, മഹായിൽ ആശുപത്രി, മഹായിൽ നാഷണൽ ഹോസ്പിറ്റൽ, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിലും പരിക്കേറ്റവർ ചികിത്സയിലുണ്ടെന്ന് അൽഇഖ്ബാരിയ ചാനൽ റിപ്പോർട്ടർ പറഞ്ഞു. 
അതേസമയം, ശആർ ചുരംറോഡിലുണ്ടായ ബസ് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 22 ആയി ഉയർന്നു. മൃതദേഹങ്ങളെല്ലാം മഹായിൽ അസീർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ 29 പേർക്കാണ് പരിക്കേറ്റത്. ഇവർ അസീർ സെൻട്രൽ ആശുപത്രി, മഹായിൽ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. 
മരിച്ചവരിൽ ഇന്ത്യക്കാരുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. ഇവ തിരിച്ചറിയുന്നതിന് ഡി.എൻ.എ ടെസ്റ്റ് നടത്തും. രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പശ്ചിമ ബംഗാൾ സ്വദേശി റാസ ഖാൻ ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് ഖാൻ എന്നയാൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അപകടത്തിൽപെട്ട ബസിലെ യാത്രക്കാരിൽ അധികവും ബംഗ്ലാദേശുകാരായിരുന്നു. യെമൻ, സുഡാൻ, പാക്കിസ്ഥാൻ, ഈജിപ്ത് എന്നീ രാജ്യക്കാരും ബസിലുണ്ടായിരുന്നു. 
അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരന്റെ നിർദേശാനുസരണം മഹായിൽ ഗവർണർ മുഹമ്മദ് ബിൻ ഫലാഹ് അൽഖർഖാഹ് പരിക്കേറ്റവരെ സന്ദർശിച്ചു. മഹായിൽ അസീർ പോലീസ് മേധാവി ബ്രിഗേഡിയർ മുബാറക് അൽബിശ്‌രിയും ഗവർണറെ അനുഗമിച്ചു. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണങ്ങളും നൽകാൻ മഹായിൽ ഗവർണർ നിർദേശിച്ചു. 
മൃതദേഹങ്ങൾ സൂക്ഷിച്ച മോർച്ചറിയും സന്ദർശിച്ച ഗവർണർ പിന്നീട് ഫോറൻസിക് മെഡിക്കൽ സംഘവുമായി കൂടിക്കാഴ്ച നടത്തി. ഭൂരിഭാഗം മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. ക്രിമിനൽ എവിഡെൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പങ്കാളിത്തത്തോടെ ഫോറൻസിക് മെഡിക്കൽ സംഘം മരിച്ചവരുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.
അസീർ പ്രവിശ്യയിൽ അബഹയെയും മഹായിൽ അസീറിനെയും ബന്ധിപ്പിക്കുന്ന ശആർ ചുരംറോഡിൽ തിങ്കളാഴ്ച വൈകീട്ടാണ് ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. ബ്രെയ്ക്ക് തകരാറു മൂലം നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ ബാരിക്കേഡിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. സിവിൽ ഡിഫൻസും റെഡ് ക്രസന്റും സുരക്ഷാ വകുപ്പുകളും രക്ഷാപ്രവർത്തനങ്ങൾ നടത്തി. പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും പൊള്ളലേറ്റിട്ടുണ്ട്. 

ക്യാപ്.
അസീർ പ്രവിശ്യയിൽ പെട്ട ശആർ ചുരംറോഡിലുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളെ മഹായിൽ ഗവർണർ മുഹമ്മദ് ബിൻ ഫലാഹ് അൽഖർഖാഹ് സന്ദർശിക്കുന്നു. 

Latest News