Sorry, you need to enable JavaScript to visit this website.

ലോക്കറിലെ പണം ശിവശങ്കറിന് ലഭിച്ച കൈക്കൂലിയെന്ന് ഇ ഡി, രണ്ടു കേസുകള്‍ എങ്ങനെയെന്ന് കോടതി

കൊച്ചി - ലൈഫ് മിഷന്‍ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോണ്‍സേര്‍ഡ് തീവ്രവാദമെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിന്റെ കേന്ദ്രബിന്ദുവെന്നും എന്‍ഫോഴ്‌സ്‌മെന്റ്  ഡയറക്ട്രേറ്റ് ഹൈക്കോടതിയില്‍. എന്നാല്‍ സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കിട്ടിയ പണത്തിന്റെ പേരില്‍ രണ്ട് കേസുകള്‍ എങ്ങനെയാണ് എടുക്കുന്നതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കിട്ടിയ പണം ശിവശങ്കറിന്റേതാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലില്‍ നിന്നും സ്വപ്‌ന സുരേഷില്‍ നിന്നും ഇത് സംബന്ധിച്ച് മൊഴി കിട്ടിയിട്ടുണ്ട്. കള്ളപ്പണ ഇടപാടിലൂടെ സ്‌പോണ്‍സേര്‍ഡ് തീവ്രവാദത്തിനാണ് പ്രതികള്‍ ശ്രമിച്ചത്. ശിവശങ്കറായിരുന്നു എല്ലാത്തിന്റെയും കേന്ദ്രബിന്ദു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ട്. മുമ്പ് അറസ്റ്റിലായപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞാണ് ശിവശങ്കര്‍ ജാമ്യം നേടിയത്. എന്നാല്‍ തൊട്ടുപിന്നാലെ ജോലിയില്‍ പ്രവേശിപ്പിച്ചു. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ ജാമ്യം നല്‍കണമെന്ന വാദം നിലനില്‍ക്കില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു.
എന്നാല്‍ സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കിട്ടിയ പണവുമായി ബന്ധപ്പെടുത്തി ഇഡി ശിവശങ്കറിനെ നേരത്തെ അറസ്റ്റുചെയ്തതല്ലേയെന്നും ഇതേ ലോക്കറിനെ ബന്ധപ്പെടുത്തി എങ്ങനെയാണ് മറ്റൊരു കേസ് എടുക്കുന്നതെന്നും കോടതി ചോദിച്ചു. സ്വര്‍ണക്കള്ളക്കടത്തിലെ പണമിടപാട് അന്വേഷിച്ചപ്പോഴാണ് ലൈഫ് മിഷന്‍ അഴിമതി ബോധ്യപ്പെട്ടതായിരുന്നു ഇഡിയുടെ മറുപടി. ആദ്യ കേസില്‍ തന്നെ രണ്ടാമത്തെ ആരോപണവും അന്വോഷിക്കാമായിരുന്നില്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ശിവശങ്കറിന്റെ അഭിഭാഷകന്‍ ഇന്ന ഹാജാരാകുന്നതിന് സൗകര്യം അറിയിച്ചിരുന്നു. ഇത് പരിഗണിച്ച് കേസിന്റെ തുടര്‍വാദം നാളത്തേക്ക് മാറ്റി.

 

Latest News