Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് വിമാന നിരക്ക് നാലിരട്ടി കൂട്ടി കമ്പനികള്‍, ഉന്നത ഇടപെടല്‍ വേണമെന്ന് സംഘടനകള്‍

കൊച്ചി- പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ ഭീമമായ യാത്ര നിരക്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വേനലവധിയും റമദാന്‍, വിഷു ആഘോഷങ്ങളും കണക്കിലെടുത്ത് മലയാളികളെ കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ യാത്രാനിരക്ക് നാലിരട്ടിയോളമാണ് കൂട്ടിയിരിക്കുന്നത്. ഏറ്റവും കൂടിയ വര്‍ദ്ധനവ് ഖത്തറിലേക്കാണ്. നിലവില്‍ 10,000നും 15,000നും ഇടയില്‍ ഉണ്ടായിരുന്ന നിരക്കുകള്‍ 38,000 മുതല്‍ 40,000 വരെ ഉയര്‍ത്തി. നെടുമ്പാശേരിദുബായ് 900012000 ല്‍ നിന്നും 30,000 ആക്കി കുത്തനെ ഉയര്‍ത്തി. സൗദി മേഖലയില്‍ 1500019000 ആയിരുന്നത് 23,000 രൂപ വരെ ഉയര്‍ത്തിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് വെട്ടിക്കുറച്ചതോടെ സീറ്റുകളില്‍ കുറവ് വന്നതും നിരക്ക് കൂട്ടുന്നതിന് കാരണമായിട്ടുണ്ട്.
വേനലവധി കഴിയുംവരെ തുകയില്‍ കാര്യമായ കുറവുവരാനിടയില്ലെന്നാണ് സൂചന. ചെറിയ പെരുന്നാളും വിഷുവും ആഘോഷിക്കാന്‍ വരുന്നവവരും ഗള്‍ഫില്‍ കുടുംബത്തിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവരുമായ ലക്ഷക്കണക്കിനാളുകള്‍ക്ക് വര്‍ധന വലിയ പ്രയാസമുണ്ടാക്കും. ഒരും കുടുംബത്തിന് നാട്ടിലെത്തണമെങ്കില്‍ ലക്ഷങ്ങള്‍ യാത്രക്കൂലിയിനത്തില്‍ ചെലവാകും. കനത്ത തുക നല്‍കാനില്ലാത്ത പലരും യാത്ര മാറ്റിവെക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ എണ്ണവിലത്തകര്‍ച്ചയെ തുടര്‍ന്ന് നാല് തവണ വിമാനഇന്ധന വിലയില്‍ കുറവുണ്ടായി. ഇതിന്റെയൊന്നും ആനുകൂല്യങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നില്ല. അതേസമയം സ്വകാര്യവത്കരണത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി യുഎയില്‍ നിന്ന് കേരളത്തിലേക്കുള്ള 14 സര്‍വീസുകള്‍ നിര്‍ത്തലാക്കി. സാധാരക്കാരായ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഷാര്‍ജ കരിപ്പൂര്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി. 18 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 256 പേര്‍ക്ക് യാത്രചെയ്യാവുന്ന വലിയ എയര്‍ ഇന്ത്യ വിമാനങ്ങളാണ് പിന്‍വലിച്ചത്. പ്രവാസികളുടെ യാത്ര ദുരിതം കൂടി വരുന്നതിനാല്‍ മിക്ക പ്രവാസികളും ആശങ്കയിലാണ്. വിമാനക്കൊള്ളക്ക് പരിഹാരമുണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇത് ആസൂത്രിതമായ കൊള്ളയാണെന്നും പൊതുമേഖലാ സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിച്ചതിനെ തുടര്‍ന്ന് വിമാനനിരക്കുകള്‍ക്ക് മേലുള്ള നിയന്ത്രണം പൂര്‍ണമായും കോര്‍പറേറ് കുത്തകകള്‍ക്ക് വിട്ടുകൊടുക്കുകയാണുണ്ടായതെന്നും ജനറല്‍ സെക്രട്ടറി എം.എച്ച്. സുധീര്‍ കുറ്റപ്പെടുത്തി.

 

Latest News