കണ്ണൂർ വിമാനത്താവളത്തിലെ വേനൽക്കാല സമയക്രമ പ്രകാരം ഇൻഡിഗോ എയർലൈൻസ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കും. വരാണസിയിലേക്ക് കൂടി സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഒമ്പതു നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരിൽ നിന്ന് വിമാന സർവീസ് ഉണ്ടാകും. ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദൽഹി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് നിലവിൽ നേരിട്ടു സർവീസുണ്ട്. അഗർത്തല, അഹമ്മദാബാദ്, അമൃത്‌സർ, ഭുവനേശ്വർ, ഗുവാഹതി, ഇൻഡോർ, ചണ്ഡീഗഢ്, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മധുര, നാഗ്പൂർ, പട്‌ന, പോർട്ട് ബ്‌ളെയർ, പുനെ, റായ്പൂർ, റാഞ്ചി, സൂറത്ത്, തൃശിനാപ്പള്ളി, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലേക്കും കണക്ഷൻ സർവീസുകളുമുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിവിധ വിമാന കമ്പനികൾ 268 സർവീസുകൾ നടത്തും. ശൈത്യകാല സമയക്രമപ്രകാരം 239 സർവീസുകളാണ് ഇവിടെനിന്ന് ഉണ്ടായിരുന്നത്. കണ്ണൂർ വിമാനത്താവളത്തിൽനിന്നു മിഡിൽ ഈസ്റ്റിലെ 10 രാജ്യങ്ങളിലേക്കും വേനൽ ഷെഡ്യൂളിൽ ഫ്‌ളൈറ്റുകൾ ഉണ്ട്. ബഹ്‌റൈൻ, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, റിയാദ്, മസ്‌കത്ത്, ദമാം, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് നേരിട്ട് അന്താരാഷ്ട്ര ഫ്‌ളൈറ്റുകളുണ്ട്. ബാങ്കോക്ക്, കൊളംബോ, ഡാക്ക, കാട്മണ്ഡു, മാലി, ഫുക്കറ്റ്, സിംഗപ്പൂർ എന്നീ നഗരങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളും ഉണ്ട്.