റിയാദ് - അവയവമാറ്റിവെക്കൽ ശസ്ത്രക്രിയകൾ അനിവാര്യമായ അഞ്ചു രോഗികളുടെ ജീവൻ രക്ഷിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവ് അന്ത്യയാത്രയായി. റിയാദ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച 22 കാരന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബത്തിന്റെ സമ്മതം നേടിയെടുക്കുന്നതിൽ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സംഘം വിജയിക്കുകയായിരുന്നു.
യുവാവിൽ നിന്ന് നീക്കം ചെയ്ത ഹൃദയം കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ച് 59 കാരനായ ഹൃദ്രോഗിയിൽ വിജയകരമായി മാറ്റിവെച്ചു. രോഗിയിൽ നിന്ന് നീക്കം ചെയ്ത ശ്വാസകോശങ്ങൾ റിയാദ് കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ 56 കാരനായ രോഗിയിലും മാറ്റിവെച്ചു. കരൾ 62 കാരനായ മറ്റൊരു രോഗിയിലും മാറ്റിവെച്ചു. ഈ ഓപ്പറേഷൻ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് പൂർത്തിയാക്കിയത്.
യുവാവിൽ നിന്ന് നീക്കം ചെയ്ത വൃക്കകൾ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാര്യമായ, 34 വയസ് പ്രായമുള്ള യുവതിയിലും 60 പ്രായമുള്ള രോഗിയിലും മാറ്റിവെച്ചു. ഈ ഓപ്പറേഷനുകൾ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലും കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും വെച്ചാണ് പൂർത്തിയായത്. അവയവമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയ അഞ്ചു പേരും സ്വദേശികളാണ്.
മെഡിക്കൽ ധാർമികതക്ക് അനുസൃതമായും രോഗികളുടെ മെഡിക്കൽ മുൻഗണനകൾക്ക് അനുസൃതമായും നീതിപൂർവമായാണ് അവയവങ്ങൾ വിതരണം ചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കിയതെന്ന് സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഫലമായാണ് മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയിൽ നിന്ന് അവയവങ്ങൾ നീക്കം ചെയ്ത് അഞ്ചു രോഗികളിൽ വിജയകരമായി മാറ്റിവെക്കാൻ സാധിച്ചത്. അഞ്ചു രോഗികളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും വിധം രോഗിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബത്തെ അങ്ങേയറ്റം പ്രശംസിക്കുകയാണെന്നും ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.