Sorry, you need to enable JavaScript to visit this website.

അസീർ ബസപകടം; പരിക്കേറ്റവരിൽ രണ്ടു ഇന്ത്യക്കാർ

അസീർ-ഇന്നലെ (തിങ്കള്‍) അസീറിന് വടക്ക് അഖബ ശഅറിൽ നടന്ന ഉംറ ബസ്സപകടത്തിന്റെ ഞെട്ടലിൽ നിന്നും അസീറിലെ പ്രവാസി സമൂഹം ഇനിയും മോചിതരായിട്ടില്ല.  കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ ഇത്തരം ഒരപകടം നടന്നത്. അന്നും നിരവധി പേർ മരിച്ചിരുന്നു. തിങ്കളാഴ്ചയിലെ അപകടത്തിൽ ഇതുവരെ 22 പേർ മരിച്ചതായാണ് വിവരം. ഡ്രൈവറും മരിച്ചവരിലുണ്ട്.  മൃതദേഹങ്ങൾ മഹായിൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. പരിക്കേറ്റ 27 പേർ അബഹയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. വൈകീട്ട് നാലരയോടെയാണ് ഖമീസ് മുഷൈത്തിൽ നിന്നും നിറയെ യാത്രക്കാരുമായി ഉംറ-മദീന സിയാറക്കായ് പുറപ്പെട്ട ബസ് അപകടത്തിൽപ്പെട്ടത്. ഖമീസിൽ നിന്നും എഴുപത് കിലോമീറ്റർ അകലെ അബഹ-മഹായിൽ ചുരത്തിൽ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ബസ്സ് പൂർണ്ണമായും കത്തിനശിച്ചു. 
അപകടം നടന്ന ഉടൻ തന്നെ സിവിൽ ഡിഫൻസും റെഡ് ക്രെസന്റ് യുനിറ്റുകളും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി നടപടികൾ തുടങ്ങി. ഇന്ന് ജിദ്ദ കോൺസുലേറ്റ് വെൽഫയർ പ്രതിനിധി  ഹോസ്പിറ്റൽ സന്ദർശിച്ചു. പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുണ്ട്. രണ്ട് പേരുടേയും നില ഗുരുതരമല്ല. മുഹമ്മദ് ഖാൻ എന്നയാൾക്ക് പ്രാഥമിക ചികിത്സ നൽകി. വെസ്റ്റ് ബംഗാൾ സ്വദേശി റാസാ ഖാൻ ആണ് ഇപ്പോൾ ചികിത്സയിലുള്ളത്.  ഇദ്ദേഹത്തിന്റെ ഇടതു കൈക്ക് പൊട്ടലുണ്ട് ഇരുപത് ശതമാനം പൊള്ളലേറ്റു. അതേസമയം, മരിച്ചവരിൽ ഇന്ത്യക്കാരില്ലെന്നാണ് ഇതുവരെയുള്ള വിവരം. 
മരിച്ചവരിൽ ആറു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് മലയാളം ന്യൂസ് സ്ഥിരീകരിച്ചു. ഇവരെ ഡി.എൻ.എ ടെസ്റ്റ് നടത്തേണ്ടി വരും.അൽ ബറക്ക എന്ന ബസ്സിൽ  ഒരാൾ പാക്കിസ്ഥാനിയും, ഒരു ഈജിപ്തുകാരനുമുണ്ട്. അഞ്ച് പേർ യമനികളും രണ്ട് സുഡാൻ പൗരന്മാരും സഹയാത്രികരായ് ഉണ്ടായിരുന്നു. ബാക്കി എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്. പരിക്കേറ്റവർ മഹായിൽ ജനറൽ ആശുപത്രി, അബഹ പ്രൈവറ്റ്, സൗദി ജർമ്മൻ, അബഹ അസീർ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.

Latest News