കൊച്ചി - ബ്രഹ്മപുരം പ്ലാന്റിൽ ഇനിയും തീപിടുത്തത്തിന് സാധ്യതയെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട്. ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ലെന്നും അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഡി.ജി.പിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ചതിനു ശേഷം വിദഗ്ധരുടെ സാന്നിധ്യത്തിൽ പ്ലാന്റിൽ പരിശോധന നടത്തിയിരുന്നു. മാലിന്യ കൂമ്പാരത്തിന് മുകളിൽ 34 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. എന്നാൽ, രണ്ടടി താഴ്ചയിൽ 45 ഡിഗ്രിയായിരുന്നു താപനില. വലിയ കനത്തിൽ കിടക്കുന്ന മാലിന്യ കൂമ്പാരത്തിന് അടിത്തട്ടിലേക്ക് എത്തുമ്പോൾ താപനില വീണ്ടും ഉയരുകയാണ്. പ്ലാന്റിൽ ഇപ്പോഴും തീപിടുത്ത സാധ്യതയുണ്ടെന്നും തീ അണയ്ക്കാനുള്ള സംവിധാനവും സ്ഥിരമായ നിരീക്ഷണവും വേണമെന്നും റിപ്പോർട്ടിലുണ്ട്.
പ്ലാന്റിലെ ജീവനക്കാരുടെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയുമെല്ലാം മൊഴിയെടുത്തിട്ടുണ്ട്. സി.സി.ടി.വി ക്യാമറകളും മൊബൈൽ ഫോണുകളുമെല്ലാം പരിശോധിച്ചു. അങ്ങനെ വിശദമായ പരിശോധനയ്ക്കു ശേഷമാണ് അട്ടിമറിയില്ലെന്ന് സ്ഥിരീകരിച്ച് ഡി.ജി.പിക്കു റിപ്പോർട്ട് നൽകിയതെന്നും പോലീസ് വ്യക്തമാക്കി.