തിരൂരങ്ങാടി- വീടിന് വേണ്ടി അധികാരികളുടെ വാതിൽക്കൽ പലപ്പോഴായി മുട്ടിയ മുരളി ഒടുവിൽ സ്വപനങ്ങൾ ബാക്കിയാക്കി സ്വയം ജീവനൊടുക്കി മടങ്ങി. ഭാര്യയെയും പറക്കമുറ്റാത്ത മൂന്നു മക്കളെയും തെരുവിലാക്കിയാണ് മുരളി ദേശീയ പാതയോരത്ത് കോഴിച്ചെനയിലെ ഒഴിഞ്ഞ പറമ്പിലെ മരത്തിൽ ജീവനൊടുക്കിയത്. മുപ്പത് വർഷത്തോളമായി കോഴിച്ചെന കണ്ണംചിറ പറമ്പിലെ പുറമ്പോക്ക് ഭൂമിയിലാണ് മുരളിയും കുടുംബവും അമ്മയോടൊപ്പം കഴിയുന്നത്. പഴയ സാധനങ്ങൾ പെറുക്കി വിറ്റായിരുന്നു ഉപജീവനം. ഇതിനിടെ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് ഓഫീസിൽ മുരളി അപേക്ഷ നൽകിയിരുന്നു. എന്നാൽ, മതിയായ രേഖകളില്ലാതെ ഇവർക്ക് വീട് അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു പഞ്ചായത്ത് അധികാരികൾ. കഴിഞ്ഞയാഴ്ച്ച പഞ്ചായത്തിന് മുന്നിലെത്തി മുരളി ഏകാംഗ പ്രതിഷേധവും നടത്തിയിരുന്നു. പഞ്ചായത്തിന് മുന്നിലെ റോഡിന് മുന്നിൽ മക്കളുമൊന്നിച്ചായിരുന്നു മുരളിയുടെ പ്രതിഷേധം. പെരുമഴയത്തായിരുന്നു മുരളിയുടെ പ്രതിഷേധം. വീടും സ്ഥലവും തരാമെന്ന് പറഞ്ഞിരുന്നുവെന്നും ഓരോ ദിവസവും നാളെ നാളെ എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്നും മുരളി ആരോപിച്ചിരുന്നു. വീട് ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്നും മുരളി ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, ഒന്നും ഫലം കാണാതെ വന്നപ്പോഴാണ് മുരളി ജീവനൊടുക്കിയത്.