കോഴിക്കോട് - മലയാളിയായ ആണ്‍ സുഹൃത്തിന്റെ പീഡനം സഹിക്ക വയ്യാതെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച റഷ്യന്‍ യുവതി ചികിത്സക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു പോയി. ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് യുവതി റഷ്യയിലേക്ക് യാത്ര തിരിച്ചത്. ഇവരുടെ മാതാപിതാക്കളാണ് യായ്രക്കുള്ള ടിക്കറ്റ് എടുത്തു നല്‍കിയത്. യുവതിയെ തിരിച്ച് റഷ്യയിലെത്തിക്കാന്‍ റഷ്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലുമുണ്ടായിരുന്നു.
കൂരാച്ചുണ്ടില്‍ താമസിച്ചു വന്ന യുവതി കഴിഞ്ഞ ദിവസമാണ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് കാളങ്ങാലി ഓലക്കുന്നത്ത് ആഖിലിനെ(28) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ആഖിലിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്. പിന്നീട് ഇയാളോടൊപ്പം താമസിച്ചു വരികയായിരുന്നു. ആഖില്‍ ബലമായി ലഹരി മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായും തന്റെ പാസ്‌പോര്‍ട്ട് കീറിക്കളയുകയും ഐ ഫോണ്‍ നശിപ്പിക്കുകയും ചെയ്തതായും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. റഷ്യന്‍ ഭാഷ മാത്രമേ യുവതിക്കറിയൂ. അതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയാണ് പോലീസ് മൊഴി എടുത്തത്. മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തിയിരുന്നു.