തൃശൂര്‍: മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനായ പ്രിയ നടന്‍ ഇന്നസെന്റിന് ഇന്ന് കലാ കേരളം കണ്ണീരോടെ വിട ചൊല്ലും. രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഞായറാഴ്ച രാത്രി മലയാളികളെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ചേതനയറ്റുപോയ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാനായി കലാ-സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ നിന്നടക്കം ആയിരക്കണക്കിനാളുകളാണ് എത്തിയത്. സാധാരണക്കാരായ ആളുകള്‍ മണിക്കൂറുകളോളം വരി നിന്നാണ് ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കണ്ടത്. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചിരുന്നു. സിനിമാ ലോകം ഒന്നടങ്കം ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചനം. രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.