Sorry, you need to enable JavaScript to visit this website.

'വൺ ബില്യൺ മീൽസ്'; പദ്ധതിയിലേക്ക് 22 കോടി നൽകി എം.എ യൂസഫലി

അബൂദബി - ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിൽ കഴിയുന്ന സമൂഹങ്ങളിലേക്ക് ഭക്ഷണമെത്തിക്കുന്നതിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ച 'വൺ ബില്യൺ മീൽസ്' പദ്ധതിയിലേക്ക് മലയാളി വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി 10 ദശലക്ഷം ദിർഹം (22 കോടി രൂപ) സംഭാവന ചെയ്തു. 
 മനുഷ്യത്വത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പിന്തുണക്കുകയെന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് സംഭാവനയെന്ന് യൂസഫലി പറഞ്ഞു. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസം നല്കുന്ന ഈ പദ്ധതി ലോകത്തിനുള്ള യു.എ.ഇയുടെ മഹത്തായ ഒരു സന്ദേശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അഞ്ച് വർഷത്തേക്കാണ് യൂസഫലി സംഭാവന പ്രഖ്യാപിച്ചത്.
അർഹരായവരെ പിന്തുണയ്ക്കാനും അശരണർക്ക് ഭക്ഷണം നല്കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കാൻ കഴിയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
 റമദാൻ ഒന്നിന് ആരംഭിച്ച പദ്ധതിയിലേക്ക് ആദ്യ ആഴ്ച പൂർത്തിയാകും മുമ്പേ 25 കോടി ദിർഹമാണ് സംഭാവനയായി ലഭിച്ചത്. കഴിഞ്ഞ വർഷം 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ചു നീക്കാനുള്ള യു.എൻ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്.  ഭക്ഷണപ്പൊതികളായും വൗച്ചറുകളായുമാണ് അർഹരിലേക്ക് സഹായം എത്തിക്കുകയെന്ന് അധികൃതർ പറഞ്ഞു.
 

Latest News