കോഴിക്കോട് -സമസ്തയും കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസും(സി.ഐ.സി) തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയ ശേഷവും ഇരുവിഭാഗങ്ങൾക്കും ഇടയിൽ മഞ്ഞുരുക്കമില്ല. അബ്ദുൽ ഹക്കീം ഫൈസി അദൃശേരിക്ക് കീഴിലുള്ള വാഫി വഫിയ സംവിധാനത്തിലെ കോളേജുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കരുതെന്ന് വ്യക്തമാക്കി സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തി. വാഫി, വഫിയ സ്ഥാപനങ്ങളിലെ പ്രവേശനോത്സവം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ പ്രചാരണം നടത്തിക്കൊണ്ടിരിക്കെയാണ് ഇവിടങ്ങളിൽ വിദ്യാർഥികളെ ചേർത്തരുതെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് ആവശ്യപ്പെടുന്നത്.
സമസ്തയെ അനുസരിക്കാത്ത വിദ്യാഭ്യാസം നമുക്ക് വേണോ എന്ന തലക്കട്ടിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഹമീദ് ഫൈസി ഇക്കാര്യം ആവശ്യപ്പെട്ടത്. നമ്മുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം. മതവും ഭൗതികവും ഒരു പോലെ അവർ പഠിക്കണം. സമസ്ത ഉലമാക്കളെയും ഗുരുവര്യന്മാരെയും മാതാപിതാക്കളെയും അനുസരിക്കുന്ന യുവ പണ്ഡിതന്മാരായി അവർ പുറത്തിറങ്ങണമെന്നും ഹമീദ് ഫൈസി ആവശ്യപ്പെട്ടു.
സമുദായത്തെയും സമൂഹത്തെയും സ്‌നേഹിക്കുന്ന ഉത്തമ പൗരന്മാരായി അവർ വളരണം. ഏത് സ്ഥാപനത്തിലാണ് നാം കുട്ടികളെ ചേർക്കേണ്ടതെന്ന് രക്ഷിതാക്കൾ നന്നായി ആലോചിക്കണം. സമന്വയ വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോഴേക്ക് ചാടി വീഴരുത്. സമസ്തയെ പരസ്യമായി വെല്ല് വിളിക്കുന്നവർ നമുക്ക് വേണ്ട. സമസ്തക്കിവിടെ യാതൊരു അവകാശവുമില്ലെന്ന് പറയുന്നവർ നമുക്ക് വേണ്ട. വിദ്യാർത്ഥികളെ പഠിപ്പ് മുടക്കി സമരത്തിനിറക്കുന്നവരെ നമുക്ക് വേണ്ട.
സമസ്ത പുറത്താക്കിയവരെ നമുക്ക് വേണ്ട. ട്രേഡ് യൂണിയൻ സംസ്‌കാരം പോലെ സമസ്തയെ വെല്ല് വിളിച്ച് കൂട്ടരാജി പ്രഖ്യാപിച്ചവരെ നമുക്ക് വേണ്ടേ വേണ്ട. ഇവരുടെ സ്ഥാപനങ്ങളിൽ മക്കളെ ചേർത്തി പഠിപ്പിച്ചാൽ, സമസ്ത വിരുദ്ധതയാണ് ഇവർ പഠിപ്പിക്കുന്ന ആദ്യ പാഠം. സമസ്ത പണ്ഡിതന്മാരെ പുച്ഛത്തോടെ കാണാൻ പഠിപ്പിക്കുന്നതാണ് ഇവരുടെ സംസ്‌കാരം. ഇവിടെയുള്ളത് സങ്കുചിത ഇസ്ലാമാണെന്നും, നമുക്ക് വേണ്ടത് ആഗോള ഇസ്ലാമാണെന്നും പറഞ്ഞ് മക്കളെ വഴിതെറ്റിക്കുന്ന വെഞ്ചെതിലുകളാകാൻ നമ്മുടെ മക്കളെ നാം ബലി നൽകരുത്.
സമസ്തയെ അനുസരിക്കുന്ന നിരവധി സ്ഥാപനങ്ങൾ നമുക്കുണ്ട്. ഇപ്പോൾ സമസ്ത നേരിട്ട്, ദേശീയ പദ്ധതിയുടെ ഭാഗമായി പുതിയ മൂന്ന് സ്റ്റീമുകൾ ഈ അധ്യായന വർഷം തുടങ്ങുന്നുണ്ട്. എസ്.എസ്.എൽ.സി കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗകര്യമുണ്ട്. എല്ലാം റസിഡൻഷ്യൽ സ്ഥാപനങ്ങളാണ്. മികച്ച നിലവാരം പുലർത്തുന്ന ഈ സ്ഥാപനങ്ങൾ മതവും ഭൗതികവും ഒരുമിച്ച് പഠിപ്പിക്കുന്നതോടൊപ്പം, തികഞ്ഞ ആദർശ ബോധമുള്ളവരായി നമ്മുടെ മക്കളെ വളർത്തും. സമസ്തയെ വെല്ല് വിളിക്കുന്നവരുടെകോഴ്‌സുകൾക്ക് പ്രചാരകരാകാൻ നാം നിൽക്കരുതെന്നും ഹമീദ് ഫൈസി ആവശ്യപ്പെട്ടു.
അതേസമയം, സമസ്ത കേരള ഇംഇയത്തുൽ ഉലമയുടെ നിർദ്ദേശം പൂർണമായും പാലിക്കാത്തതിനാൽ സി.ഐ.സിയുമായി സമസ്തക്ക് നിലവിൽ യാതൊരു ബന്ധവുമില്ലെന്നും നിലവിലെ സമിതിയിൽ സി.ഐ.സിക്ക് കീഴിലെ വാഫി-വഫിയ സംവിധാനം അംഗീകരിച്ചവയല്ലെന്നും എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പ് പുറത്തിറക്കി. സംഘടന പ്രവർത്തകരും രക്ഷിതാക്കളും ബന്ധപ്പെട്ടവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും നോട്ടീസിലുണ്ട്.