അബഹ- ഉംറക്കായി പുറപ്പെടുന്നവരുടെ ബസ് മറിഞ്ഞ് മരിച്ച ഇരുപതോളം പേരിൽ ഇന്ത്യക്കാരുമുണ്ടെന്ന് പ്രാഥമിക നിഗമനം. ഖമീസ് മുശൈത്തിൽനിന്ന് മക്കയിലേക്ക് ഉംറ നിർവഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് മഹായിൽ ചുരത്തിൽ മറിഞ്ഞത്. അസീറിന് വടക്കുഭാഗത്ത് ശആർ ചുരത്തിലാണ് അപകടം. ബസിന്റെ നിയന്ത്രണം വിട്ട് പാലത്തിലിടിച്ച് കത്തുകയായിരുന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം.
ഇന്ത്യക്കാർക്ക് പുറമെ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ സ്വദേശികളുമാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 18 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പതിനാറ് പേരുടെ നില ഗുരുതരമാണ്. അബഹ അസീർ ആശുപത്രി, ജർമൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.