കണ്ണൂർ - സി.പി.എം കൂത്തുപറമ്പ് സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം പൂക്കോട് തൃക്കണ്ണാപുരത്തെ എം മുരളീധര(45)നെ മരിച്ച നിലയിൽ കണ്ടെത്തി. വലിയ വെളിച്ചത്ത് ആളൊഴിഞ്ഞ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സി.പി.എം മുരളീധരനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. സംഭവത്തിൽ സ്വഭാവ ദൂഷ്യത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടരവേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
അതിനിടെ, ചിത്രങ്ങൾ മോർഫ് ചെയ്യാൻ സഹായിച്ച സ്റ്റുഡിയോ ഉടമയെയും ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.