കൊച്ചി - ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് കോടതി ജാമ്യം അനുവദിച്ചു. കേസുമായി സഹകരിക്കുന്നുണ്ടെന്ന സന്തോഷ് ഈപ്പന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. അറസ്റ്റിലായി ഏഴാം ദിവസമാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് പത്ത് തവണ ഇ.ഡിക്ക് മുന്നിൽ ഹാജരായിരുന്നു. നിലവിൽ ഏഴ് ദിവസം ഇ.ഡിയുടെ കസ്റ്റഡിയിലായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്നും ഇന്ന് കസ്റ്റഡി കാലാവധി അവസാനിച്ച സ്ഥിതിക്ക് ജാമ്യം അനുവദിക്കണമെന്നും സന്തോഷ് ഈപ്പൻ കോടതിയെ ധരിപ്പിച്ചു. ജാമ്യം നൽകുന്നതിൽ ഇ.ഡിയും കടുത്ത എതിർപ്പൊന്നും കോടതിയിൽ സ്വീകരിച്ചില്ല. തുടർന്നാണ് ജാമ്യം അനുവദിച്ചത്.
വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വേണ്ടിയുള്ള ലൈഫ് മിഷൻ ഭവനപദ്ധതിക്കു യു.എ.ഇയിലെ റെഡ് ക്രസന്റ് നല്കിയ 19 കോടി രൂപയിൽ 4.50 കോടി രൂപ സന്തോഷ് ഈപ്പൻ യു.എ.ഇ കോൺസുൽ ജനറൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇ.ഡിയുടെ ആരോപണം.