മലപ്പുറം-ചൂടിന്റെ കാഠിന്യത്തിനിടയിലും റമദാൻ വ്രതകാലത്തിന് കുളിരു പകരുകയാണ് തണ്ണിമത്തൻ. നോമ്പുതുറ വിഭവങ്ങളിൽ ഇത്തവണ പ്രധാനപ്പെട്ട ഇനിമായി വത്തക്ക മാറിയിരിക്കുന്നു. നാട്ടിൽ പാതയോരങ്ങളിൽ തണ്ണിമത്തൻ വിപണി സജീവമാണ്. ടൺ കണക്കിന് തണ്ണിമത്തനാണ് ദിനം പ്രതി ജില്ലയിലെ പാതയോരങ്ങളിൽ വിറ്റഴിക്കുന്നത്. ഇത്തവണ തണ്ണിമത്തൻ സീസൺ റമദാനിലായതോടെ നോമ്പുതുറക്കായാണ് ഏറെ പേരും തണ്ണിമത്തൻ വാങ്ങുന്നത്.
തമിഴ്‌നാട്ടിൽ നിന്ന് ദിവസവും നിരവധി തണ്ണിമത്തൻ ലോഡുകൾ ആണ് ജില്ലയിലേക്ക് എത്തുന്നത്. കിലോക്ക് 18 മുതൽ 22 രൂപ വരെയാണ് ചില്ലറ വിൽപന. ഇത്തവണ കേരളത്തിൽ തന്നെ വിവിധ കർഷക കൂട്ടായ്മകളും വിപണി ലക്ഷ്യമിട്ട് തണ്ണിമത്തൻ കൃഷിയിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ അനുകൂലമല്ലാത്തതുകൊണ്ട് തന്നെ ആവശ്യത്തിന് വിളവ് തണ്ണിമത്തൻ കൃഷിയിൽ ലഭിക്കാറില്ല.
നാല് തരത്തിലുള്ള തണ്ണിമത്തൻ തമിഴ്‌നാട്ടിൽ നിന്ന് പ്രധാനമായും വിപണിയിലെത്തുന്നുണ്ട്.
ഇതിൽ നാംദാരി മത്തനുകളാണ് കൂടുതലായും വിപണിയിലുള്ളത്.ആവശ്യത്തിന് വലിപ്പവും നിറവും മധുരവും ഉള്ളതിനാൽ ഈ ഇനത്തിന് തന്നെയാണ് ആവശ്യക്കാർ ഏറെയും. കിരൺ, യെല്ലോ കിരൺ, എക്‌സ് യെല്ലോ തുടങ്ങിയ വിവിധ ഇനം വ്യത്യസ്തമായ തണ്ണിമത്തനും വിപണിയിൽ ലഭ്യമാണ്. കച്ചവട സ്ഥാപനങ്ങളേക്കാൾ കൂടുതൽ തണ്ണിമത്തൻ വിറ്റഴിയുന്നത് പാതയോരങ്ങളിലാണ്. വഴിവക്കുകളിൽ ഇപ്പോൾ വത്തക്ക കച്ചവടക്കാരുടെ തിരക്കാണ്.