കണ്ണൂർ - മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം പ്രവർത്തകരായ മൂന്ന് പ്രതികൾക്ക് തടവും പിഴയും ശിക്ഷ. രണ്ട് മുൻ എം.എൽ.എമാർ ഉൾപ്പെടെ 107 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ കണ്ണൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി രാജീവൻ വാച്ചാലിന്റേതാണ് വിധി.
ദീപക്, സി.ഒ.ടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ബിജു പറമ്പത്തിന് മൂന്നു വർഷം തടവും 25,000 രൂപ പിഴയും. ദീപക്, സി.ഒ.ടി നസീർ എന്നിവർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. എം.എൽ.എമാരായിരുന്ന സി.കൃഷ്ണൻ, കെ.കെ.നാരായണൻ എന്നിവർ ഉൾപ്പെടെയുള്ളവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ട സി.ഒ.ടി നസീർ കേസിൽ 88 ാം പ്രതിയാണ്. ദീപക് 18 ാം പ്രതിയും ബിജു പറമ്പത്ത്, 99 ാം പ്രതിയുമാണ്. മുൻ എം.എൽ.എ സി. കൃഷ്ണനാണ് ഒന്നാം പ്രതി.
2013 ഒക്ടോബർ 27 ന് ആണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ സംസ്ഥാന പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് നേരെ സി.പി.എം പ്രവർത്തകർ കല്ലെറിയുകയായിരുന്നു. ഉമ്മൻ ചാണ്ടിക്കൊപ്പം കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, ടി. സിദ്ദീഖ് എന്നിവർക്കും പരിക്കേറ്റിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ നെറ്റിയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്ത ശേഷമാണ് ഉമ്മൻ ചാണ്ടി ആശുപത്രിയിൽ ചികിത്സ തേടിയത്.
ഉമ്മൻ ചാണ്ടിയെ വധിക്കാൻ ഗൂഢാലോചന നടത്തുകയും കാൽടെക്‌സ് മുതൽ പോലീസ് ക്ലബ് വരെ എൽ.ഡി.എഫ് പ്രവർത്തകർ റോഡിൽ മാർഗ തടസ്സം സൃഷ്ടിക്കുകയും മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്. എന്നാൽ ആയുധം കൊണ്ട് പരുക്കേൽപിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ തെളിയിക്കാൻ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പോലീസിനെ ആക്രമിച്ച് പരുക്കേൽപിക്കൽ അടക്കമുള്ള വകുപ്പുകൾ തെളിയിക്കാനായില്ല. മുൻ എം.എൽ.എമാർ ഉൾപ്പെടെയുളള പ്രതികളെ കോടതി വെറുതെ വിട്ടത് ഈ കാരണത്താലാണ്.
അഞ്ചു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്. ശിക്ഷിക്കപ്പെട്ടവരിൽ ദീപക്, സി.ഒ.ടി നസീർ എന്നിവരെ സി.പി.എമ്മിൽനിന്ന് പുറത്താക്കിയിരുന്നു. ബിജു പറമ്പത്ത് നിലവിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ്.
സംഭവം നടക്കുമ്പോൾ സി.ഒ.ടി നസീർ, ബിജു പറമ്പത്ത്, ദീപക് എന്നിവർ ഡി.വൈ.എഫ്.ഐ ഭാരവാഹികളായിരുന്നു. സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്ന സി.ഒ.ടി നസീറിനെ വിമത പ്രവർത്തനത്തിന്റെ പേരിൽ സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. പിന്നീട് സി.ഒ.ടി നസീർ ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് മാപ്പ് പറഞ്ഞിരുന്നു. ശിക്ഷിക്കപ്പെട്ടുവെങ്കിലും മൂന്നു പേർക്കും കോടതിയിൽനിന്നു ജാമ്യം ലഭിക്കും. ഇവരിൽ ബിജു പറമ്പത്ത് മറ്റൊരു കേസിൽ ജയിലിലാണുള്ളത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. രാജേന്ദ്ര ബാബു ഹാജരായി. പ്രതികൾക്ക് വേണ്ടി അഡ്വ. ബി.പി. ഹരീന്ദ്രനാണ് ഹാജരായത്.