ബ്രോണിസ്റ്റി (റഷ്യ) - തന്റെ രാജ്യാന്തര ഫുട്‌ബോൾ ഭാവി ഈ ലോകകപ്പിൽ അർജന്റീനയുടെ പ്രകടനത്തിനനുസരിച്ചായിരിക്കുമെന്ന് ക്യാപ്റ്റൻ ലിയണൽ മെസ്സി. തുടർച്ചയായ മൂന്ന് ഫൈനലുകൾ തോറ്റ ടീമാണ് ഇത്. വലിയ പ്രതിസന്ധികളിലൂടെയാണ് ടീം കടന്നുപോയത്. അർജന്റീനയിലെ മാധ്യമങ്ങൾ ടീമിനെ ശക്തമായി കടന്നാക്രമിച്ചു. മൂന്ന് ഫൈനലിലെത്തുകയെന്നതിന്റെ നേട്ടം അവർക്ക് മനസ്സിലായില്ല -മെസ്സി പറഞ്ഞു. 2014 ലെ ലോകകപ്പിലും 2015 ലെയും 2016 ലെയും കോപ അമേരിക്കയിലും അർജന്റീന ഫൈനലിൽ തോൽക്കുകയായിരുന്നു. ലോകകപ്പിൽ ജർമനിക്കെതിരെ എക്‌സ്ട്രാ ടൈമിലായിരുന്നു തോൽവി. കോപ അമേരിക്കയിൽ രണ്ടു തവണയും ചിലെയോട് ഷൂട്ടൗട്ടിൽ തോറ്റു.
സ്‌പെയിനും ബ്രസീലും ജർമനിയും ഫ്രാൻസും ബെൽജിയവുമാണ് കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളെന്ന് മെസ്സി കരുതുന്നു. ടീമുകളെന്ന നിലയിലും മികച്ച കളിക്കാരുടെ സാന്നിധ്യം കാരണവും ഒരുപാട് ടീമുകൾ വലിയ ആത്മവിശ്വാസവുമായാണ് വരുന്നതെന്ന് മെസ്സി പറഞ്ഞു. ക്രൊയേഷ്യയും നൈജീരിയയും ഐസ്‌ലന്റുമടങ്ങുന്ന പ്രയാസകരമായ ഗ്രൂപ്പിലാണ് അർജന്റീന.