Sorry, you need to enable JavaScript to visit this website.

യോയോ ടെസ്റ്റ് പൊട്ടി; സഞ്ജു, ഷാമി പുറത്ത്

മുംബൈ - ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കായികക്ഷമതാ മാനദണ്ഡമായ യോയോ പരിശോധനയിൽ പരാജയപ്പെട്ട മുഹമ്മദ് ഷാമിയെ ഇന്ത്യൻ സീനിയർ ടീമിൽ നിന്നും മലയാളി വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണെ ഇന്ത്യ എ ടീമിൽ നിന്നും ഒഴിവാക്കി. അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് കളിക്കേണ്ട ഇന്ത്യൻ ടീമിൽ ഷാമിക്കു പകരം ദൽഹി പെയ്‌സ്ബൗളർ നവ്ദീപ് സയ്‌നിയെ ഉൾപെടുത്തി. പേശിവേദനയുള്ള ഷാമിക്ക് ഇംഗ്ലണ്ടിലെ അഞ്ചു മത്സര ടെസ്റ്റ് പരമ്പരക്ക് മുമ്പ് വിശ്രമം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതുവരെ ഇന്ത്യക്കു കളിച്ചിട്ടില്ലാത്ത സയ്‌നി ദൽഹിക്കു വേണ്ടി എട്ട് രഞ്ജി മത്സരങ്ങളിൽ 34 വിക്കറ്റെടുത്തിട്ടുണ്ട്. ഐ.പി.എല്ലിൽ ദൽഹി ഡെയർഡെവിൾസിന്റെ നിരവധി മത്സരങ്ങളിൽ ഷാമി ഉണ്ടായിരുന്നില്ല. മെയ് 31 ന് നടന്ന കരീബിയൻ ചാരിറ്റി മത്സരത്തിൽ ലോക ഇലവനിൽ പേരുണ്ടായിരുന്നുവെങ്കിലും ഷാമി എത്തിയില്ല. 
സ്ഥിരതയോടെ 140 കി.മീ വേഗത്തിൽ എറിയാൻ കഴിയുന്ന ബൗളറാണ് സയ്‌നി. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ടീമിലുണ്ടായിരുന്നുവെങ്കിലും കളിക്കാൻ അവസരം കിട്ടിയില്ല. വ്യാഴാഴ്ചയാണ് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ബംഗളൂരുവിൽ ആരംഭിക്കുന്നത്. 
ഇന്ത്യ എ ടീം ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടാനിരിക്കെയാണ് സഞ്ജുവിന് തിരിച്ചടിയുണ്ടായത്. സഞ്ജുവിന് പകരം ഇശാൻ കിഷൻ ടീമിലെത്തി. നിരന്തരമായ ഉയർച്ചതാഴ്ചകൾ നേരിടുന്ന ഇരുപത്തിമൂന്നുകാരന്റെ കരിയറിലെ മറ്റൊരു ഇറക്കമായി ഇത്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ടീം ഞായറാഴ്ചയാണ് സഞ്ജുവിനെ കൂടാതെ ലണ്ടനിലേക്ക് തിരിച്ചത്. കർക്കശമായി കായികക്ഷമത അളക്കുന്ന യോയോ ടെസ്റ്റിൽ 16.1 മാർക്ക് കിട്ടുന്നവരെയാണ് വിജയിയായി പ്രഖ്യാപിക്കുക. കരുൺ നായരും ഹാർദിക് പാണ്ഡ്യയുമാണ് 18 മാർക്കോടെ മികച്ച പ്രകടനം കാഴ്ചവെച്ചത്. വലിയ വ്യത്യാസത്തിൽ സഞ്ജു പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്. നേരത്തെ യുവരാജ് സിംഗ്, സുരേഷ് റയ്‌ന എന്നിവരും യോയോ ടെസ്റ്റിൽ പരാജയപ്പെട്ടതിനാൽ സീനിയർ ഇന്ത്യൻ ടീമിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നു. 
ഇപ്പോഴത്തെ ഇന്ത്യ എ കോച്ച് രാഹുൽ ദ്രാവിഡിന് വലിയ താൽപര്യമുള്ള കളിക്കാരനാണ് സഞ്ജു. രാജസ്ഥാൻ റോയൽസിലും ദൽഹി ഡെയർഡെവിൾസിലും ഒരുപാട് അവസരങ്ങൾ നൽകി സഞ്ജുവിന്റെ വളർച്ചക്ക് മേൽനോട്ടം വഹിച്ചത് ദ്രാവിഡായിരുന്നു. എന്നാൽ കായികക്ഷമത നിലനിർത്തി ദ്രാവിഡിനോട് നീതി കാട്ടാൻ സഞ്ജുവിന് സാധിച്ചില്ല. പരിക്കു കാരണം സഞ്ജുവിന് മതിയായ രീതിയിൽ പരിശീലനം നടത്താൻ സാധിക്കാത്തതു കാരണമാവാം ടെസ്റ്റിൽ പരാജയപ്പെട്ടതെന്ന് ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമി വൃത്തങ്ങൾ കരുതുന്നു. ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഉൾപെടുത്തിയിരുന്നത്. റിഷഭ് പന്താണ് വിക്കറ്റ്കീപ്പർ. ചതുർദിനങ്ങൾക്കുള്ള ടീമിൽ സഞ്ജു ഇല്ല. കെ.എസ് ഭരതാണ് ചതുർദിന ടീമിന്റെ വിക്കറ്റ്കീപ്പർ. മലയാളി കരുൺ നായരാണ് ചതുർദിന ടീം നായകൻ.

Latest News