തിരുവനന്തപുരം: കായലുകളിലെ മലീനീകരണം തടയുന്നതിന് നടപടിയെടുക്കാത്തതിന് സംസ്ഥാന സര്‍ക്കാറിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 10 കോടി രൂപ പിഴയിട്ടു.വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം തടയുന്നതില്‍ ഒരു നടപടിയും സ്വീകരിക്കാത്തതിനാണ് പിഴ വിധിച്ചത്. പിഴ തുക ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ അടച്ചെന്ന് ഉറപ്പുവരുത്തണമെന്നും കായലുകളില്‍ ശുചീകരണത്തിനുള്ള കര്‍മപദ്ധതികള്‍ തയ്യാറാക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അടയ്ക്കുന്ന പിഴ തുക കുറ്റക്കാരായ ഉദ്യോഗസ്ഥര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്ന് ഈടാക്കണമെന്നും നിര്‍ദേശമുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകനായ കെ.വി. കൃഷ്ണദാസാണ് കായലുകളിലെ മലിനീകരണം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് പരാതി നല്‍കിയത്. ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.