ഇരിങ്ങാലക്കുട - വെള്ളിത്തിരയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും വലിയൊരു ഓളം സൃഷ്ടിച്ചാണ് ജനപ്രിയ നടൻ ഇന്നസെന്റ് വിടവാങ്ങിയത്. 2014-ൽ ചാലക്കുടിയിൽനിന്ന് അന്നത്തെ കോൺഗ്രസിലെ കരുത്തനായ പി.സി ചാക്കോയെ തോൽപ്പിച്ച് എം.പിയായെങ്കിലും 2019-ൽ കോൺഗ്രസിലെ ബെന്നി ബെഹനാന് മുമ്പിൽ കാലിടറുകയായിരുന്നു.
പക്ഷേ, അന്ന് വോട്ടെണ്ണലിന്റെ ഓരോ നിമിഷങ്ങളും അദ്ദേഹം ഓർത്തെടുത്തു പറഞ്ഞത് ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലായിരുന്നു. കുറച്ചൊക്കെ മനുഷ്യന്മാർക്കു പറഞ്ഞ അസൂയയൊക്കെ എനിക്കുമുണ്ടായിരുന്നുവെന്ന് ഇന്നസെന്റ് തുറന്നടിച്ചു.
2014-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഞാൻ പാട്ടുംപാടി ജയിച്ചു, സന്തോഷംകൊണ്ട് ഞാനും നിങ്ങളുമൊക്കെ തുള്ളിച്ചാടി. പക്ഷേ, 2019-ൽ കാര്യം പാളി. എന്റെ വീട്ടിൽ ടി.വിയിൽ ഇലക്ഷൻ ഫലം കണ്ടുകൊണ്ടിരിക്കുകയാണ് ഞാൻ. ചെയർമാൻ ഉണ്ട്, കൂടെ, എന്റെ ഭാര്യയും മക്കളുമുണ്ട്. എല്ലാവരും കരുതി, ഞാനിപ്പോ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ എതിർ സ്ഥാനാർത്ഥി എന്റെ മുകളിലായി. അപ്പോൾ എനിക്ക് ചെറിയൊരു വിഷമം. ഇതു കണ്ട് ചെയർമാൻ എന്നോടു പറഞ്ഞു: 'പേടിക്കേണ്ട, കൈപ്പമംഗലം എണ്ണീട്ടില്ലെന്ന്.' പക്ഷേ, കൈപ്പമംഗലവും എണ്ണിയപ്പോൾ ഞാൻ ഒന്നുകൂടി താഴോട്ടായി.
ശേഷമാണ് മറ്റുള്ള സ്ഥാനാർത്ഥികളുടെ കാര്യം പ്രത്യേകം ശ്രദ്ധിച്ചത്. അപ്പോഴാണ് സത്യായിട്ടും മനസ്സമാധാനമായത്. എല്ലാ സ്ഥലങ്ങളിലും മ്മളെ എല്ലാ സ്ഥാനാർത്ഥികൾ താഴെ. ഞാനായി മാത്രം ദു:ഖിക്കേണ്ട കാര്യമില്ല. ഇത് മനുഷ്യന്റെയൊരു പൊതുസ്വഭാവമാണ്.
തോൽക്കാൻ പോകുകയാണല്ലോ എന്നൊരു വിഷമം എനിക്കുണ്ടായിരുന്നു. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ അത് പതിയെ പതിയെ മാറി, 19 പേരും തോൽക്കാൻ പോകുകയാണല്ലോ എന്നായി മനസ്സിൽ. അങ്ങനെ ഓർത്തപ്പോൾ അതൊരു ചെറിയ സന്തോഷമായി. 20 സീറ്റിൽ 19 എണ്ണവും പോയി. ബാക്കി ഒരു സീറ്റാണുള്ളത്. ആ സ്ഥാനാർത്ഥി ആരിഫ് ആലപ്പുഴയിൽ പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടിയോ പിണറായിയോ എന്തു വേണേലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കിൽ എന്നാണ് ഞാനാ സമയത്ത് ആഗ്രഹിച്ചത്. അങ്ങനെ, ആലപ്പുഴയിൽ ആരിഫ് മാത്രം എനിക്ക് ചെറിയൊരു ദുഃഖം തന്നു. അങ്ങനെ എല്ലാം സത്യസന്ധമായി, മറയില്ലതെ, നർമം വിതറി തറുന്നു പറയാനുള്ള ഒരു തന്റേടം അദ്ദേഹം കാണിച്ചു. അധികപേർക്കും പറയാനാവാത്ത പല സത്യങ്ങളും വളരെ രസകരമായാണ് അദ്ദേഹം പങ്കുവെക്കാറുള്ളത്.