അഭിനയത്തിൽ ആർമാദിച്ച അമ്പതാണ്ടുകൾ എന്ന് ഇന്നസെന്റിന്റെ അഭിനയ ജീവിതത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കാം. ആയിരം സിനിമകൾ തികയ്ക്കാൻ 250 ഓളം ചിത്രങ്ങൾ മാത്രമേ ബാക്കി വേണ്ടിയിരുന്നുള്ളൂ. പക്ഷേ അപ്പോഴേക്കും..
750 ഓളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾക്ക് ഇന്നസെന്റ് ജീവൻ നൽകി. നൃത്തശാല എന്ന ആദ്യ സിനിമ മുതൽ കടുവ വരെയുള്ള ചിത്രങ്ങൾ എടുത്തു നോക്കിയാൽ തനിക്ക് കിട്ടിയ വേഷം എത്ര ചെറുതാണെങ്കിലും അതിന് തന്റേതായ ഒരു സ്‌റ്റൈൽ കൊടുത്ത് ഇന്നസെന്റ് കലക്കി എന്ന് പ്രേക്ഷകനെ കൊണ്ട് പറയിപ്പിക്കാൻ അസാമാന്യം മിടുക്കായിരുന്നു ഈ ഇരിങ്ങാലക്കുടക്കാരന്.
1972 സെപ്റ്റംബർ 9 ന് റിലീസ് ചെയ്ത നൃത്തശാലയിലാണ് അദ്ദേഹം ആദ്യമായി തിരശ്ശീലയിലെത്തിയത്. എ.ബി രാജ് സംവിധാനം ചെയ്ത സിനിമ നിർമിച്ചതു ശോഭന പരമേശ്വരൻ നായരാണ്. പ്രേംനസീറും ജയഭാരതിയും അടൂർ ഭാസിയുമായിരുന്നു പ്രധാനതാരങ്ങൾ. കലകളെ ഏറെ ഇഷ്ടമുള്ള സംഗമേശ്വരന്റെ നാടായ ഇരിങ്ങാലക്കുടയിൽ നിന്ന് പോയ ആളല്ലേ.. നൃത്തശാലയിൽ നിന്ന് തന്നെ തുടങ്ങി എന്ന് ഇന്നസെന്റ് പറയാറുണ്ട്.
പണ്ടത്തെ ഏതൊരു സിനിമാ താരത്തെയും പോലെ കഷ്ടപ്പാടുകൾ നിരവധി പറയാനുണ്ടായിരുന്നു ഇന്നസെന്റിനും. അതൊക്കെ ഒരു കാലമായിരുന്നു.. ഉമ ലോഡ്ജിലെ പായയിൽ ആർക്കെല്ലാമോ ഇടയിൽ തിക്കിയും തിരക്കിയും കിടന്ന പഴയ കാലം. ഇന്ന് ആലോചിക്കുമ്പോൾ തമാശയും സങ്കടവും ഒക്കെ തോന്നുന്നുണ്ട്. പർപ്പിടത്തിലെ ഇടവേളകളിൽ ഒരിക്കൽ ഇന്നസെന്റ് ഓർത്തെടുത്തു ആ പഴയ മദിരാശി കാലം.
കഷ്ടപ്പാടിന് നടുക്ക് കൂടി വന്നെത്തിയ ഭാര്യ ആലീസിനെ പൊന്നുപോലെ നോക്കിയ ദാരിദ്ര്യം പിടിച്ച കാലവും ഇന്നസെന്റ് ഓർക്കാറുണ്ട്. ഭാര്യ ആലീസിനെയും മകനെയും കോടമ്പാക്കത്തു കൊണ്ടുപോയി ഒറ്റമുറിയിലെ ദാരിദ്ര്യത്തിൽ താമസിച്ച കാലത്തേക്കുറിച്ച് പറയുമ്പോൾ എല്ലാം തൊണ്ടയിടറുമായിരുന്നു അദ്ദേഹത്തിന്.
പിന്നെയല്ലേ ജീവിതവും കളറായത്. തുടക്കം ഒക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് തന്നെ. സ്വന്തം ജീവിതത്തിനും ഇന്നസെന്റ് കൊടുത്തു ഒരു സിനിമാ നിർവചനം. 1973 ൽ ഇന്നസെന്റ് അഭിനയിച്ചത് മൂന്ന് സിനിമകളിലാണ്. എന്നാൽ എൺപതുകളുടെ മധ്യത്തിൽ വർഷം തോറും 40 സിനിമകളിൽ വരെ അഭിനയിച്ചു.
1980 നുശേഷം ഇന്നസെന്റ് അഭിനയിക്കാത്ത ഒരേയൊരു വർഷമേ ഉണ്ടായിരുന്നുള്ളൂ -2020. അന്നദ്ദേഹം ശരിക്കും രോഗത്തിന്റെ പിടിയിലായിരുന്നു. 2022 ൽ റിലീസ് ചെയ്ത കടുവയിലും ഇന്നസെന്റിനെ നമ്മൾ കണ്ടു.
രോഗം കീഴ്‌പ്പെടുത്തിയപ്പോൾ ശരീരത്തിന്റെ രൂപത്തിന് സംഭവിച്ച മാറ്റങ്ങൾ ഒരു നടൻ നിലയിൽ അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. തന്നെയാരും ഇനി അഭിനയിക്കാൻ വിളിക്കില്ല എന്ന് അദ്ദേഹം കരുതിയെങ്കിലും അത് വെറും തെറ്റിദ്ധാരണ മാത്രമായിരുന്നു. ഇന്നസെന്റേട്ടൻ ഇല്ലാത്ത മലയാളം ഫിലിം ഇൻഡസ്ട്രിയെ കുറിച്ച് ചിന്തിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. ഇനി കാലം എത്ര കഴിഞ്ഞാലും ആ വിടവ് നികത്താനുമാകില്ല.