കൊച്ചി- കൊച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് മത്സ്യങ്ങള്‍ എത്തിച്ച് നല്‍കുന്നതിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയില്‍. ചമ്പക്കര, പെരിക്കാട്, മാപ്പുംഞ്ചേരി വീട്ടില്‍ മിലന്‍ ജോസഫ് (29) ആണ് ടൗണ്‍ നോര്‍ത്ത് എക്സൈസിന്റെ പിടിയിലായത്. ഉപഭോക്താക്കളുടെ ഇടയില്‍ ഇയാള്‍ ചൂണ്ട സുനി എന്നാണ് അറിയപ്പെട്ടിരുന്നത്. വില്‍പനക്കായി ചെറുപൊതികളില്‍ സൂക്ഷിച്ചിരുന്ന 2.210 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ബെംഗളൂരില്‍ നിന്നാണ് ഇയാള്‍ ലഹരിമരുന്ന് എത്തിച്ചിരുന്നത്. യെല്ലോ മെത്ത് എന്ന പേരിലുള്ള ലഹരിമരുന്നിന് ഗ്രാമിന് 4000 മുതല്‍ 6000 രൂപ വരെ നിരക്കിലായിരുന്നു വില്‍പന.
മത്സ്യവില്‍പന കുറഞ്ഞപ്പോഴാണ് മയക്കുമരുന്ന് വില്‍പനയിലേക്ക് തിരിഞ്ഞതെന്ന് ഇയാള്‍ വെളിപ്പെടുത്തിയതായി എക്സൈസ് വൃത്തങ്ങള്‍ പറഞ്ഞു. ഇടപ്പള്ളി, കൂനംതൈ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ എത്തിച്ച് നല്‍കുന്നതിന്റെ മറവില്‍ യുവതി-യുവാക്കള്‍ക്കിടയില്‍ ഒരാള്‍ വൈകുന്നേരം സമയങ്ങളില്‍ രാസലഹരി വില്‍പന നടത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് വേണ്ടിയുള്ള നിരീക്ഷണം ശക്തമാക്കിയത്. ഇടപ്പള്ളി ഓവര്‍ബ്രിഡ്ജിന് സമീപം മയക്ക് മരുന്ന് കൈമാറുന്നതിന് ആവശ്യക്കാരെ കാത്തു നില്‍ക്കുകയായിരുന്ന ഇയാളെ എക്സൈസ് സംഘം വളയുകയായിരുന്നു. പിടിയിലാക്കുമെന്ന് ഉറപ്പായപ്പോള്‍ മയക്ക്മരുന്ന് അടങ്ങിയ പാക്കറ്റുകള്‍ ഇയാള്‍ വിഴുങ്ങി കളയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇത്തരത്തിലുള്ള രാസലഹരി അരഗ്രാമില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണെന്ന് എക്സൈസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.